
തൃശ്ശൂർ: സംസ്ഥാനത്ത് ഇക്കുറി അധിക മഴ ഉണ്ടാകുന്ന സ്ഥിതി വിശേഷമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ജൂലൈ 13ന് ശേഷം മഴ വീണ്ടും സജീവമാകും. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൺട്രോൾ റൂം സജ്ജമാക്കിയതായും മന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകിയതായും റവന്യൂമന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ നാലു ലക്ഷം പേരെ പാർപ്പിക്കാൻ 3,071 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമാണെന്നും അവധിയെടുത്ത് പോയ ഉദ്യോഗസ്ഥരോട് തിരിച്ചെത്താൻ നിർദേശം നൽകിയതായും റവന്യൂ മന്ത്രി അറിയിച്ചു. മഴക്കാലവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ മന്ത്രി തൃശ്ശൂരിൽ വിലയിരുത്തി. ഓരോ വില്ലേജിനും 25,000 രൂപ വീതം അടിയന്തര ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജില്ലകള്‍ക്ക് ആവശ്യാനുസരണം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണമനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമര്‍ദ്ദപാത്തി: ഞായറാഴ്ച വരെ ശക്തമായ മഴ തുടരും
അതേസമയം, മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, വടക്കൻ കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ - ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനും സാധ്യതയുണ്ട്. കേരളത്തിൽ ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ മഴയ്ക്ക് സാധ്യത.