
കൊച്ചി: ഇന്‍വെസ്റ്റ് കേരളയിൽ പങ്കെടുത്ത് കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ പ്രസംഗത്തിലെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & എന്റർപ്രണർഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്. ജയന്ത് ചൗധരിയുടെ വാക്കുകൾ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്. നമ്മുടെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയേയും നമ്മുടെ വിദ്യാഭ്യാസമേഖലയേയും ആരോഗ്യമേഖലയേയും ഈ നാട്ടിലെ യുവാക്കളെയും ഒപ്പം കൊച്ചി മെട്രോയേയും ഒരു മാതൃക എന്ന നിലയിലാണ് അദ്ദേഹം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്നും രാജീവ് കുറിച്ചു.
പി രാജീവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിന്‍റെ ക്ഷണം സ്വീകരിച്ച് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്കെത്തിയ ആരും നിരാശരായി മടങ്ങിപ്പോകേണ്ടിവരില്ലെന്ന് പറയുന്നത് കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & എന്റർപ്രണർഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരിയാണ്. ഇന്ത്യയെ ഡെവലപ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണ്. നമ്മുടെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയേയും നമ്മുടെ വിദ്യാഭ്യാസമേഖലയേയും ആരോഗ്യമേഖലയേയും ഈ നാട്ടിലെ യുവാക്കളെയും ഒപ്പം കൊച്ചി മെട്രോയേയും ഒരു മാതൃക എന്ന നിലയിലാണ് അദ്ദേഹം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
അതേസമയം വമ്പൻ നിക്ഷേപ പ്രഖ്യാപനത്തോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് കഴിഞ്ഞ ദിവസമാണ് സമാപനമായത്. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 24 ഐ ടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചതായും വ്യവസായ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം