സ്വപ്‌നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയിൽ ഡിജിപി

By Web TeamFirst Published Dec 9, 2020, 10:38 AM IST
Highlights

കസ്റ്റംസിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വധഭീഷണിയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയിൽ ഡിഐ ജിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കസ്റ്റംസിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടർന്ന് കോടതിയിടപെട്ട് ജയിലിൽ സ്വപ്നയുടെ സുരക്ഷ വർധിപ്പിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന വാദം ഉയർത്തിയതോടെ ആഭ്യന്തരവകുപ്പ് വീണ്ടും വെട്ടിലായിരിക്കുയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികള്‍ നിർ‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിൻറെ ശബ്ദരേഖ ചോർന്നതിൽ ജയിൽ വകുപ്പിനെതിരെ ആരോപണങ്ങള്‍ നിലനിൽക്കേയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. സ്വപ്നയുടെ ശബ്ദരേഖ ചോർന്നത് ജയിൽ നിന്നല്ലെന്നാണ് ജയിൽ ഡിഐജി അജയകുമാറിൻറെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണം വേണമെന്ന ജയിൽമേധാവിയുടെയും ഇഡിയുടേയും പരാതിയിൽ പൊലീസ് തുടർ നടപടികളൊന്നുമെടുത്തുമില്ല. ഇതിനിടെയാണ് ഭീഷണി ആരോപണം വരുന്നതും ജയിൽ വകുപ്പ് വീണ്ടും അന്വേഷണം നടത്തുന്നതും.

എന്നാൽ അന്വേഷണം തുടങ്ങുന്നതിന് മുമ്പേ സ്വപ്നയുടെ ആരോപണങ്ങള്‍ ജയിൽ ഉദ്യോഗസ്ഥർ തള്ളുകയാണ്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ പാർപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെ കുറിച്ചും സന്ദർശകരെ കുറിച്ചും ഫോണ്‍ വിളിയെ കുറിച്ച് വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയിൽവകുപ്പ് പറയുന്നത്.

ഒക്ടോബർ14നാണ് അട്ടക്കുളങ്ങരയിലെത്തിച്ചത്. അന്നു മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ജയിൽവകുപ്പ് പറയുന്നു. ഇതിൽ ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും സ്വപ്നയെ കാണാനെത്തിയിട്ടില്ല. കേന്ദ്ര ഏജൻസികളെ കൂടാതെ വ്യാജ രേഖ കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസും ലൈഫ് കേസിൽ മൊഴിയെടുക്കാനായി വിജിലൻസും ജയിലെത്തിയിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരും സ്വപനയെ കാണുന്നുണ്ട്. അതിനാൽ ഏത് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ സ്വപ്ന പറയുമോ എന്നതാണ് ഇനി അറിയേണ്ടത്. അട്ടക്കുളങ്ങര ജയിലിൽ തിരികെയെത്തിച്ച സ്വപ്നയുടെ സുരക്ഷ ശക്തമാക്കി. സെല്ലിൽ ഒരു വാർ‍ഡൻറെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും. ജയിനു പുറത്ത് സായുധപൊലീസിനെയും വിന്യസിച്ചു. 

click me!