Latest Videos

'ഒരു മനുഷ്യന്‍ ഇല്ലാതായിപ്പോയ കാര്യമാണ്, കേസ് മുക്കരുത്'; പൊലീസിനെതിരെ പത്രപ്രവർത്തക യൂണിയൻ

By Web TeamFirst Published Aug 3, 2019, 10:19 AM IST
Highlights

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സിസിടിവി ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം. 

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ പൊലീസിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി കുറിപ്പില്‍ വ്യക്തമാക്കി.

അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസിക്കുന്നു.

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സിസിടിവി ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം. പൊലീസിന്റെ നിലപാടുകൾ സംശയാസ്പദമാണ്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം.

എല്ലാത്തിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. പക്ഷേ, ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവർ വെളിപ്പെടുത്തി. 

click me!