ജൂനിയർ ഡോക്ടർമാർ ഇന്ന് രാജി വയ്ക്കില്ല, കാലാവധി കഴിയുന്നവർ ഇന്ന് ജോലി അവസാനിപ്പിക്കും

By Web TeamFirst Published Sep 10, 2020, 9:12 AM IST
Highlights

കൊവിഡ് പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയവരെ കൊവിഡ് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിലേക്കു അടക്കം മൂന്ന് മാസത്തേക്ക് നിയമിച്ചത്

തിരുവനന്തപുരം: വേതനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച രാജി തീരുമാനത്തിൽ നിന്ന് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ പിന്മാറി. അതേസമയം ഇന്ന് കാലാവധി കഴിയുന്നവർ ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച മുഴുവൻ ശമ്പളവും കൊടുക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. മൂന്നു മാസത്തേക്ക് നിയമിച്ച ഇവരുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്.

ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് സാലറി കട്ട് വന്നതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം. 868 ഡോക്ടർമാർക്കും നേരത്തെ പ്രഖ്യാപിച്ച 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇവരുടെ കാലാവധി നീട്ടില്ല, പക്ഷെ ജോലിയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് കൊവിഡ് ബ്രിഗേഡിൽ ചേരാമെന്നും മന്ത്രി പറഞ്ഞിരുന്നു.

കൊവിഡ് പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയവരെ കൊവിഡ് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിലേക്കു അടക്കം മൂന്ന് മാസത്തേക്ക് നിയമിച്ചത് . എന്നാൽ ശമ്പളം കിട്ടാതായതോടെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് താല്‍കാലിക മെഡിക്കല്‍ ഓഫിസര്‍ എന്ന തസ്തിക നിര്‍ണയിച്ച് 42000 രൂപ ശമ്പളവും പ്രഖ്യാപിച്ചു. എന്നാല്‍ സ്പാര്‍ക് വഴി ശമ്പളം എത്തിയപ്പോൾ സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി ആറ് ദിവസത്തെ ശമ്പളം പിടിച്ചു . ആദായ നികുതി കൂടി പിടിച്ചു കഴിയുമ്പോൾ 27000 രൂപയാണ് ഇവര്‍ക്ക് കിട്ടിയത് . ഇതോടെ പ്രതിഷേധം ശക്തമായി. സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കി മുഴുവൻ ശമ്പളവും നല്‍കിയില്ലെങ്കിൽ കൂട്ടരാജി എന്ന നിലപാടെടുത്തു ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെയാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. മൂന്ന് മാസത്തേക്ക് നിയമിതരായ ഇവരുടെ കാലാവധി ഒക്ടോബറോടെ അവസാനിക്കും . ഇത് ദീര്‍ഘിപ്പിക്കില്ല . ജോലിയില്‍ തുടരണണെന്നുള്ളവര്‍ക്ക് കൊവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് സേവനം തുടരാം. പ്രഖ്യാപിച്ച ശമ്പളം വെട്ടിക്കുറയ്ക്കാതെ മുഴുവൻ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

click me!