'കനിവ്' തുണയായി; വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷയായി 108 ആംബുലൻസ്

Published : Sep 26, 2019, 09:14 PM IST
'കനിവ്' തുണയായി; വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷയായി 108 ആംബുലൻസ്

Synopsis

കേശവപുരം സുജിത് ഭവനിലെ സുനില്‍കുമാറിന്റെ ഭാര്യ അനിത(30)യേയും പെണ്‍കുഞ്ഞിനേയുമാണ് കനിവ് 108ലെ ജീവനക്കാര്‍ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത് 108 ആംബുലൻസ് എത്തുമ്പോൾ അനിതയ്ക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നു

തിരുവനന്തപുരം: അപ്രതീക്ഷിതമായി വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷയായത് കനിവ് 108 ആംബുലൻസ്. ഗുരുതരാവസ്ഥയിലായ കിളിമാനൂർ സ്വദേശിക്കും കുഞ്ഞിനും പ്രവർത്തനം ആരംഭിച്ച് രണ്ടാം ദിവസം തന്നെ കനിവ് 108 ജീവനക്കാരുടെ ഇടപെടൽ ആശ്വാസമായി.

കേശവപുരം സുജിത് ഭവനിലെ സുനില്‍കുമാറിന്റെ ഭാര്യ അനിത(30)യേയും പെണ്‍കുഞ്ഞിനേയുമാണ് കനിവ് 108ലെ ജീവനക്കാര്‍ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. സമയോചിതമായി ഇടപെട്ട് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ കനിവ് 108ലെ ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എസ്.എ. ഗണേഷിനേയും പൈലറ്റ് ആര്‍.വി. രതീഷ്‌കുമാറിനേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

വ്യാഴാഴ്ച രാവിലെ 8.30നാണ് കേശവപുരത്തുള്ള വീട്ടില്‍ പ്രസവം നടന്നതായി കനിവ് 108ന്റെ കോള്‍ സേന്ററില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് കോള്‍ സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള ആംബുലന്‍സിനെ വിവരം അറിയിച്ചു. പത്ത് മിനിറ്റിനുള്ളില്‍ ആബുലന്‍സ് സ്ഥലത്തെത്തി. ജീവനക്കാര്‍ അവിടെയെത്തുമ്പോള്‍ അനിത രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു.

അപ്രതീക്ഷിതമായ പ്രസവത്തിന് പിന്നാലെ വീട്ടുകാര്‍ കത്രിക ഉപയോഗിച്ച് പൊക്കിള്‍കൊടി മുറിച്ചു മാറ്റിയിരുന്നു. പക്ഷെ പ്ലാസന്റ (മറുപിള്ള) പൂര്‍ണമായും ഗര്‍ഭപാത്രത്തിന് അകത്തായിരുന്നു. അമിത രക്തസ്രാവവുമുണ്ടായിരുന്നു. അനിത ഗുരുതരാവസ്ഥയിലാണെന്ന് മനസിലാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യൻ കല്ലറ സ്വദേശി എസ്.എ. ഗണേഷ്, പ്ലാസന്റ വേര്‍പെടുത്തി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശ്രുശ്രൂക്ഷ നല്‍കി. 

പിന്നീട് അമ്മയേയും കുഞ്ഞിനേയും 20 മിനിറ്റിനുള്ളില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണ്. സമയോചിതമായ ഇവരുടെ പ്രവര്‍ത്തനത്തെ ഡ്യൂട്ടി ഡോക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. 

ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരിയായ ഗണേഷിന് സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി വിദഗ്ധ ട്രോമകെയര്‍ പരിശീലനവും ലഭിച്ചിട്ടുണ്ട്. കേരളമൊട്ടാകെ സൗജന്യ 108 ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയ ആരോഗ്യ മന്ത്രിയെ ഗണേഷ് നന്ദി അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് ഇത് വളരെയേറെ ഉപകരിക്കുമെന്നും തന്നെപ്പോലെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഇതിലൂടെ ജോലി ലഭിച്ചുവെന്നും ഗണേഷ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി തൂങ്ങിമരിച്ചു
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും