
തിരുവനന്തപുരം : വിവാദ ഭൂ പതിവ് ഭേദഗതി ബില്ല് ഇന്ന് നിയമസഭ പാസ്സാക്കും. ഇടുക്കിയിലെ മലയോര മേഖലയിൽ അടക്കം കാലങ്ങളായി നിലനിൽക്കുന്ന ഭൂമി പ്രശ്നങ്ങൾക്ക് ഭേദഗതി വരുന്നതോടെ പരിഹാരം ആകുമെന്നാണ് അവകാശവാദം. എന്നാൽ പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് നിലനിൽക്കുന്ന റിസോർട്ടുകളും പാർട്ടി ഓഫീസുകളും ക്രമപ്പെടുത്താനുള്ള നടപടിയും ഭേദഗതി വഴിയൊരുക്കുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്.
പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് തന്നെ വിനിയോഗിക്കണമെന്ന ഭൂപതിവ് നിയമത്തിലാണ് സര്‍ക്കാർ ഭേദഗതി വരുന്നത്. ഭൂമിയുടെ വിനിയോഗം ക്രമപ്പെടുത്താൻ സര്‍ക്കാരിന് അധികാരം നൽകുന്ന വിധത്തിൽ നിലവിലെ നിയമത്തിൽ ഭേദഗതി എഴുതി ചേര്‍ക്കും. ഇടുക്കി മലയോര മേഖലകളിലെ സാധാരണ കര്‍ഷകരുടെ അടക്കം കാലങ്ങളായി നിലനിൽക്കുന്ന ആവശ്യം പരിഗണിച്ചാണ് ഭേദഗതി ബില്ലെന്ന് വാദിക്കുന്ന സര്‍ക്കാര് കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണയും ഇക്കാര്യത്തിൽ അവകാശപ്പെടുന്നുണ്ട്. പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെടുന്നതാണ്. സഭ പാസാക്കുന്ന ബില്ല് ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമമാകും.
തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ചട്ട ഭേദഗതിയിലാണ് ആശങ്കയത്രയുമുള്ളത്. സര്‍ക്കാര്‍ പരിഗണിക്കുന്ന കാലയളവ് മുതൽ ചട്ടലംഘനങ്ങളുടെ സ്വഭാവവും അതിനോടുള്ള നിലപാടും സംബന്ധിച്ച് നിലനിൽക്കുന്നത് വലിയ ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളുമാണ്. ഏറ്റവും അധികം പ്രശ്നം നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ പോലും സാധാരണ കര്‍ഷകരുടെ പ്രശ്നങ്ങൾക്ക് ഒപ്പം വൻകിട കയ്യേറ്റങ്ങളിലും റിസോര്‍ട്ട് ലോബിയുടേയും പാര്‍ട്ടി ഓഫീസുകളുടേയും ചട്ടലംഘനങ്ങളിലും എല്ലാം സര്‍ക്കാര്‍ എന്ത് തീരുമാനം എടുക്കുമെന്നും കണ്ടറിയണം. ക്വാറികളുടെ പ്രവര്‍ത്തനം നിലവിൽ ഭൂപതിവിന് വിധേയമല്ലെന്നിരിക്കെ ഇക്കാര്യത്തിൽ സര്‍ക്കാർ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്. പട്ടയഭൂമിയിലുള്ള 1500 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിടങ്ങൾ ഉപാധികളില്ലാതെയും അതിന് മുകളിലുള്ള കെട്ടിടങ്ങൾ ഉയര്‍ന്ന ഫീസ് വാങ്ങി ക്രമപ്പെടുത്താനും അടക്കമുള്ള നിര്‍ദ്ദേശങ്ങളും ചട്ടത്തിൽ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam