
തിരുവനന്തപുരം: ജെഡിഎസ് കര്‍ണാടകയിൽ എൻഡിഎ മുന്നണിയുടെ ഭാഗമായതിന്റെയും പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജെഡിഎസ് പുതിയ പാര്‍ട്ടിയായി മാറിയേക്കും. സംസ്ഥാന പാര്‍ട്ടിയായി മാറാനാണ് തീരുമാനം. എൻഡിഎയുടെ ഭാഗമായി മാറിയ ജനതാദൾ എസ് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ജനതാദൾ എസ് കര്‍ണാടക-കേരള ഘടകങ്ങൾ ഒന്നാണ്. എന്നാൽ മാറിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനതാദൾ എസ് കേരളത്തിൽ ഇടതുമുന്നണിയിൽ തുടരുന്നത് രേവണ്ണ വിവാദത്തിലടക്കം വിശദീകരിക്കാൻ കാരണമാകുമെന്ന വിലയിരുത്തലാണ് പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചയിലേക്ക് എത്തിച്ചത്.
അതേസമയം എൽഡിഎഫിലെ നാല് ചെറുകക്ഷികളുടെ ലയനവും പരിഗണനയിലുണ്ട്. ഇടതുമുന്നണിയിലെ ചെറു പാർട്ടികൾ ഒറ്റ പാർട്ടിയായി മാറണമെന്ന മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് ചര്‍ച്ച ചെയ്യുന്നത്. മഹാരാഷ്ട്രയിൽ എൻസിപി പിളര്‍ന്ന സാഹചര്യത്തിൽ കേരളത്തിലെ എൻസിപി ഘടകവും ജനതാദൾ എസും കെബി ഗണേഷ് കുമാറിന്റെ കേരള കോൺഗ്രസ് ബിയും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്‌പി ലെനിനിസ്റ്റ് പാര്‍ട്ടികളും തമ്മിൽ ലയിച്ച് ഒന്നാകുന്നതാണ് ചര്‍ച്ചയിൽ. ഇതിന്റെ ഭാഗമായി ജെഡിഎസ് - എൻസിപി നേതൃത്വങ്ങൾ പ്രാഥമിക ചര്‍ച്ച തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam