
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.
സർക്കാർ - ഗവർണർ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററിൽ ഇന്ന് രാവിലെ 11.30യ്ക്കാണ് യോഗം ആരംഭിച്ചത്.
സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് യോഗം ചേർന്നത്.
സർവകലാശാല വിസിമാരുടെ നിയമനം, മന്ത്രിമാർക്കും സർക്കാരിനുമെതിരായ തുറന്ന വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam