
തിരുവനന്തപുരം: ഈ വർഷത്തെ നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു. അന്താരാഷ്ട്ര നിയമസഭാ പുസ്തകോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ദൃശ്യ - മാധ്യമ വിഭാഗത്തിൽ സി അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഞ്ജു രാജ് ഏറ്റുവാങ്ങി. മേളപ്പെരുമയുടെ നെറ്റിപ്പട്ടങ്ങൾ എന്ന പരിപാടിക്കാണ് പുരസ്കാരം ലഭിച്ചത്. കെ ആർ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ കെ എം ബിജുവും ഏറ്റുവാങ്ങി. നീതി ആര് നൽകും എന്ന റിപ്പോർട്ടിനാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ മേഖലകളിൽ ദൃശ്യ - അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കാണ് നിയമസഭാ പുരസ്കാരം സമ്മാനിക്കാറുള്ളത്. അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് സൂരജ് ടി, മാതൃഭൂമി യാത്ര മാഗസീൻ (കപാലിയുടെ നൃത്തം, മത്തവിലാസം കൂത്ത് എന്ന ഫീച്ചർ), ഇ കെ നായനാർ നിയമസഭാ മാധ്യമ അവാർഡ് - പി വി ജിജോ, ദേശാഭിമാനി (മാലിന്യമല്ല മാണിക്യം എന്ന റിപ്പോർട്ട്), ജി കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് - എം ബി സന്തോഷ്, മെട്രോവാർത്ത (സഭയിലെ ചോദ്യങ്ങൾ, ഉത്തരങ്ങളും എന്ന ലേഖനം) എന്നിവർക്കാണ് ലഭിച്ചത്. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു. ചെയർമാനും പി എസ് രാജശേഖരൻ, ആലങ്കോട് ലീലാകൃഷ്ണൻ, സരസ്വതി നാഗരാജൻ, കെ കെ ഷാഹിന എന്നിവർ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam