കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി; എസ്‌സി-എസ്‌ടി സംവരണ പ്രമേയം അവതരിപ്പിച്ചു

By Web TeamFirst Published Dec 31, 2019, 9:27 AM IST
Highlights

മുഖ്യമന്ത്രിയെ പട്ടികജാതി-പട്ടികവ‍ര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചതിന് തൊട്ടുപിന്നാലെ ബിജെപി അംഗം ഒ രാജഗോപാൽ എതിര്‍പ്പുമായി രംഗത്ത് വന്നു. എന്നാലിത് തെറ്റിദ്ധാരണയുടെ പുറത്ത് ഒ രാജഗോപാൽ പറഞ്ഞതാവാമെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം പറഞ്ഞു.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രത്യേക സാഹചര്യത്തിലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയെ പട്ടികജാതി-പട്ടികവ‍ര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചതിന് തൊട്ടുപിന്നാലെ ബിജെപി അംഗം ഒ രാജഗോപാൽ എതിര്‍പ്പുമായി രംഗത്ത് വന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമം, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാലിത് തെറ്റിദ്ധാരണയുടെ പുറത്ത് ഒ രാജഗോപാൽ പറഞ്ഞതാവാമെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം പറഞ്ഞു.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. രാജ്യത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളിൽ പെട്ടവര്‍ക്ക് സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടാനുള്ള പ്രമേയമാണ് അദ്ദേഹം ആദ്യം അവതരിപ്പിച്ചത്. സാമൂഹ്യ സ്ഥിതിയിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണത പല തട്ടുകളിലും നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്കവിഭാഗങ്ങളിൽ പെട്ടവര്‍ക്ക് സാമൂഹ്യ-സാമ്പത്തിക നീതി എല്ലാ തലങ്ങളിലും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രമേയം സഭ ഏകകണ്ഠേന പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഇനിയും ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ല പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ സംവരണം നീട്ടിനൽകാത്തത് അനീതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ആംഗ്ലോ ഇന്ത്യൻ സംവരണ വിഷയത്തിൽ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആരും പട്ടികജാതി-പട്ടികവര്‍ഗ സംവരണം എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!