
തിരുവനന്തപുരം: വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ഒപ്പുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറായ ആർസിഇപിക്കെതിരെ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി. രാജ്യത്തിന്റെ വിശാല താത്പര്യം കണക്കിലെടുത്ത് കരാർ ഒപ്പിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സഭ ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ ചർച്ചയിൽ നിന്ന് സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാൽ വിട്ടുനിന്നു.
ബിജെപി എംഎൽഎ ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്നാണ് ഇതിനെതിരെ മന്ത്രി കെ.രാജു പരിഹസിച്ചത്. കരാറിനെതിരായ നിലപാടാണ് കോൺഗ്രസിന്റേതും. അതിനാൽ തന്നെ സഭയിൽ ഉണ്ടായിരുന്ന ഭരണ - പ്രതിപക്ഷ കക്ഷികൾക്കാർക്കും ആർസിഇപി കരാർ അനുകൂല നിലപാടായിരുന്നില്ല.അതേസമയം ബിജെപിയുടെ സഖ്യകക്ഷിയായ പിസി ജോർജ്ജും കരാറിനെതിരായ നിലപാടാണ് സഭയിൽ സ്വീകരിച്ചത്.
മുഖ്യമന്ത്രിയാണ് ആർസിഇപി കരാറിനെതിരായ പ്രമേയം അവതരിപ്പിച്ചത്. പാർലമെന്റിൽ ചർച്ച ചെയ്യാതെയും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ഒപ്പുവയ്ക്കുന്ന കരാർ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക വ്യാവസായിക മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണ് കരാറെന്നും സഭ ഐകകണ്ഠേന പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
ആര്‍.സി.ഇ.പി കരാര്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാണ് ഇന്ന് നടന്നത്. കാർഷിക മേഖലയിലെയും ചെറുകിട വ്യവസായ മേഖലയിലെയും പ്രതിസന്ധികള്‍ ചര്‍ച്ചയായി. പ്രതിപക്ഷ അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫാണ് ഉപക്ഷേപം അവതരിപ്പിച്ചത്.
ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്ന കരാറാണ് ആർസിഇപിയെന്നും കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
പത്ത് ആസിയാൻ രാജ്യങ്ങളും ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേർന്നുള്ള സ്വതന്ത്ര വ്യാപാരക്കരാറാണ് ആർ സി ഇ പി. കാർഷിക, വ്യാവസായിക, സേവന, എൻജിനിയറിങ് മേഖലകളിലെല്ലാം ഉത്പന്നങ്ങൾ നികുതിയില്ലാതെ പരസ്‌പരം കയറ്റി അയക്കുന്നതിനുള്ളതാണ് കരാർ. മേക്ക് ഇൻ ഇന്ത്യ നടപ്പാക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ആർസിഇപി ക്കായി വാദിക്കുന്നതെന്നാണ് ഇതിനെതിരായ കോൺഗ്രസ് കുറ്റപ്പെടുത്തൽ.
കരാറിലുൾപ്പെട്ട മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് നികുതിയില്ലാതെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാവും. നോട്ട് നിരോധനം പോലെ ആത്മഹത്യപരമായ തീരുമാനമാണിതെന്നും സമാന അഭിപ്രായമുള്ള പാർട്ടികളുമായി സഹകരിച്ച് രാജ്യത്താകമാനം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. നവംബർ 5 മുതൽ 15 വരെ കേന്ദ്ര സർക്കാരിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇത് മുഖ്യവിഷയമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam