
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളാ നിയമസഭാ എത്തിക്സ് ആൻറ് പ്രിവിലേജ് കമ്മിറ്റിക്ക് കേന്ദ്ര അന്വേഷണ ഏജൻസി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ വിശദീകരണം ബുധനാഴ്ച പരിശോധിക്കും. നിയമസഭാ എത്തിക്സ് കമ്മിറ്റി യോഗം ചേർന്നാണ് ഇഡി നൽകിയ വിശദീകരണം പരിശോധിക്കുക. നോട്ടീസിന് ഇഡി നൽകിയ മറുപടി മാധ്യമങ്ങൾക്ക് ചോർന്നതിൽ എത്തിക്സ് കമ്മിറ്റിക്ക് അത്യപ്തിയുണ്ട്. ഇഡിയുടെ വിശദീകരണം പരിശോധിച്ച് സമിതി അനന്തര നടപടി സ്വീകരിക്കും.
ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നൽകിയ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ ഇ.ഡിക്ക് നിയമാനുസരണം അധികാരമുണ്ട്, അന്വേഷണത്തിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു, ഈ അന്വേഷണ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്നുമാണ് ഇഡി നിലപാട്.
ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് കേരളാ നിയമസഭാ എത്തിക്സ് ആൻറ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നൽകുകയായിരുന്നു. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം തേടിയത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam