സിഎജി വിവാദം: പ്രതിപക്ഷം ഇന്ന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും

By Web TeamFirst Published Nov 16, 2020, 11:12 AM IST
Highlights

ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ഇന്ന് തന്നെ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വി ഡി സതീശനാണ് നോട്ടീസ് നൽകുക.അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് ഇന്നലെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: കിഫ്‍ബി സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട്. ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ഇന്ന് തന്നെ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

വി ഡി സതീശനാണ് നോട്ടീസ് നൽകുക. അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് ഇന്നലെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കീഴ്വഴക്കം അനുസരിച്ച് ഗവര്‍ണര്‍ക്ക് വേണ്ടി ധനമന്ത്രി നിയമസഭയില്‍ സിഐജി റിപ്പോര്‍ട്ട് വയ്ക്കുകയും അതിനുശേഷം അത് പുറത്ത് വിടുകയുമാണ് ചെയ്യേണ്ടത്.

നിയമസഭയില്‍ വച്ചാല്‍ പിന്നെ അത് പൊതുരേഖയായി മാറുകയും ചെയ്യും. ഇപ്പോള്‍ കരട് റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തും മുമ്പ് തന്നെ ധനമന്ത്രി പുറത്ത് വിട്ടത് ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്‍ എംഎല്‍എ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കുക. വളരെ ശക്തമായി ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. 

അതേസമയം, കിഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി-കോൺഗ്രസ് ഒളിച്ചുകളിയെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക് ഇന്നലെ ആരോപിച്ചിരുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ല. കിഫ്ബിയുടെ ഏത് പ്രൊജക്ടിൽ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ഐസക് ചോദിച്ചു.

എറണാകുളത്ത് ലെനിൻ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയമുതലെടുപ്പാണ്. ഇനിയത് അനുവദിച്ചു തരാനാവില്ല. താനുയർത്തിയത് ഗുരുതര പ്രശ്നമാണ്. സംസ്ഥാനത്തിന്റെ ഭാവിയും അധികാരവും സംബന്ധിക്കുന്നതാണത്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വമുണ്ടെങ്കിൽ ഇതേക്കുറിച്ചാണ് പ്രതികരിക്കേണ്ടത്.

സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ എന്താണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തുറന്ന യുദ്ധം ഭരണപക്ഷം ആരംഭിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ തന്നെയാണ് പ്രതിപക്ഷ ശ്രമങ്ങള്‍. ഇതിനിടെ സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കാനുള്ള പ്രതിപക്ഷ നീക്കം തുറന്ന് കാട്ടുമെന്ന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നുണ്ട്.

click me!