
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില വർധിക്കും. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകൾക്ക് കൂടുകയും കുറയുകയും ചെയ്യുക. ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന്‍റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്. ഇതിനൊപ്പം തന്നെ ബിയർ വിലയും കൂടും. ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വിൽപ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്ക്കോ.
സംസ്ഥാനത്ത് മദ്യ വില കൂടും; തീരുമാനം മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്; വർധന 50 രൂപ വരെ
വിശദ വിവരങ്ങൾ ഇങ്ങനെ
സ്പരിറ്റ് വിലവർദ്ധനയും ആധുനിക വത്ക്കരണവും പരിഗണിച്ച് മദ്യവിൽപ്പന വർദ്ധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്ക്കോ ബോർഡ് യോഗം അംഗീകാരം നൽകിയത്. 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വർധിക്കുന്നത്. ബെവ്ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്‍റെ വിലയും കൂടും. 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതൽ 50 വരെ കൂടും എന്ന് സാരം. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും. ബിയറിനും വില കൂടുമെന്നാണ് അറിയിപ്പ്.
നേരത്തെ മദ്യ കമ്പനികൾക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോൾ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോൾ സ്പിരിറ്റ് വില കൂടിയതിന്‍റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില വർധിക്കുന്നത്. ഇന്നലെ ഡ്രൈ ഡേ ആയതിനാൽ ഇന്ന് മുതലാകും പുതിയ മദ്യവില നിലവിൽവരിക. വിശദമായ പുതിയ വില വിവര പട്ടിക വെയ് ഹൗസുകള്‍ക്കും ഔട്ട് ലെറ്റുകള്‍ക്കും നൽകിയിട്ടുണ്ടെന്ന് ബെവ്ക്കോ എം ഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.
അതേസമയം 107 ബ്രൻഡുകളുടെ വിലയാണ് കുറയുക. കമ്പനികള്‍ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറക്കുന്നത്. മദ്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിൽപ്പന കൂട്ടാനായി മദ്യവില കുറച്ചത്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്ക്കോക്ക് നൽകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam