
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലി സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം നിലനിൽക്കെ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമല സ്വർണ്ണക്കൊള്ളയ്‍ക്കൊപ്പം ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐയുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം ആഴത്തിൽ ചർച്ച ചെയ്ത സിപിഎം, ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ശബരിമല ബാധിച്ചിട്ടില്ലെന്ന നിലപാടിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ പ്രവത്തന ശൈലിക്കെതിരെ രൂക്ഷ വിമർശനം സിപിഐ സംസ്ഥാന നിർവാഹസമിതിയിൽ ഉയർന്നിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ചോർന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിർവാഹസമിതി തള്ളി. രാവിലെ പത്തരയ്ക്ക് ചേരുന്ന എൽഡിഎഫിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കും.
തദ്ദേശത്തിൽ എന്തുകൊണ്ട് തോറ്റു എന്ന് ചോദ്യത്തിന് സിപിഐയുടെ വിലയിരുത്തലല്ല സിപിഎമ്മിന്. ഭരണം മികച്ചതെന്നും പിണറായി സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പില്‍ ഏറ്റിട്ടില്ല. കുറ്റം തെളിയാതെ ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കതിരെ നടപടി എടുക്കാനാകില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി ഉണ്ടായെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. കൊല്ലത്ത് ഞെട്ടിയതും മധ്യകേരളത്തിൽ വോട്ട് പോയതുമെല്ലാം പ്രത്യേകം പഠിക്കും. തിരുവനന്തപുരം നഗരസഭ ബിജെപി കൊണ്ട് പോയതിന് പിന്നിൽ യുഡിഎഫ് ബിജെപി അഡ്ജസ്റ്റ്മെന്‍റാണെന്നും സിപിഎം ആരോപണം. എന്നാൽ, സർക്കാർ വിരുദ്ധ വോട്ടുകൾ വീണെന്നാണ് സിപിഐ നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. മുൻഗണന നിശ്ചയിക്കുന്നതിൽ പോരായ്മയുണ്ട്. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ പെരുമാറുന്നുവെന്ന് സിപിഐ യോഗത്തിൽ വിമർശനമുണ്ടായി. മുന്നണിയിൽ കൂട്ടായ ചർച്ചയില്ലെന്നും സിപിഐ വിമർശനം ഉന്നയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam