തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ അഞ്ച് ജില്ലകൾ; മോക് പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ

By Web TeamFirst Published Dec 10, 2020, 6:25 AM IST
Highlights

ഇന്നത്തെ തെരഞ്ഞെടുപ്പ് കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാക്കുന്നതാണ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അൽപസമയത്തിനകം ആരംഭിക്കും. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് മുന്നണികൾക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്.

കോട്ടയം,എറണാകുളം,തൃശൂർ,വയനാട്,പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോൺഗ്രസ് ഇരു വിഭാഗങ്ങൾക്കും അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെ ജനവിധി.

ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാക്കുന്നതാണ്. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.

രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്.

ഇന്നത്തെ വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂർ കോർപറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. 

click me!