തദ്ദേശ തെരഞ്ഞെടുപ്പ് : വിധിയെഴുത്ത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിൽ

By Web TeamFirst Published Jan 4, 2020, 8:14 PM IST
Highlights

50 ശതമാനം വരുന്ന വനിതാ സംവരണ സീറ്റുകളിൽ  അഞ്ച് വര്‍ഷത്തിനിപ്പുറം ഇത്തവണ മാറ്റമുണ്ടാകും. കോര്‍പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംവരണ സീറ്റുകൾ അപ്പാടെ മാറും. 

തിരുവനന്തപുരം: വര്‍ഷാവസാന മാസങ്ങളിൽ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിലവിലെ സാധ്യത അനുസരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായിരിക്കും നടക്കുകയെന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന. തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണ സീറ്റുകളിലും സ്ഥാനങ്ങളിലും എസിഎസ്ടി സംവരണ സീറ്റുകളിലും വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 

50 ശതമാനം വരുന്ന വനിതാ സംവരണ സീറ്റുകളിൽ  അഞ്ച് വര്‍ഷത്തിനിപ്പുറം ഇത്തവണ മാറ്റമുണ്ടാകും. കോര്‍പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംവരണ സീറ്റുകൾ അപ്പാടെ മാറും. 

ജനസഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാൻ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുൻസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനൻസ് പക്ഷെ വൈകുകയാണ്. ഓര്‍ഡിനൻസ് ഇറങ്ങി തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍വിന്യസിച്ച് വേണം തെരഞ്ഞെടുപ്പ് നടത്താൻ. ഇതിന് ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ കണക്ക്. 

13 മുതൽ 23 വരെ അംഗങ്ങളുള്ള ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും 25 മുതൽ 52 വരെ അംഗങ്ങളുള്ള മുൻസിപ്പാലിറ്റികളിലും 55 മുതൽ 100 വരെ അംഗങ്ങളുള്ള കോര്‍പറേഷനുകളിലും അംഗങ്ങളുടെ എണ്ണം ഇത്തവണ ഒന്ന് വീതം കൂടും. 2001ലെ സെൻസസ് രേഖക്ക് പകരം 2011 ലെ സെൻസസ് രേഖ അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ ഓര്‍ഡിനൻസ് ഇറക്കിയ ശേഷം അതിര്‍ത്തികൾ പുനര്‍നിര്‍ണ്ണയിച്ച് പുതിയ വാര്‍ഡുകളുണ്ടാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

941 ഗ്രാമ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുൻസിപ്പാലിറ്റികളും ആറ് കോര്‍പറേഷനുകളുമാണ് കേരളത്തിലുള്ളത്

click me!