വിമത ശല്യവും പാളയത്തിൽ പടയും, തദ്ദേശ പോരിൽ സസ്പെൻസ് ഇന്നവസാനിക്കും; നാമനിർദ്ദേശ പത്രിക പിൻവലിക്കൽ 3 മണിവരെ മാത്രം; ശേഷം മത്സര ചിത്രം തെളിയും

Published : Nov 24, 2025, 02:01 AM IST
kerala election

Synopsis

എൽ ഡി എഫിൽ സി പി എം - സി പി ഐ പോരാണെങ്കിൽ യു ഡി എഫിൽ കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്നം. അവസാന വട്ട ചർച്ചകൾക്കൊടുവിൽ മത്സരചിത്രം എന്താകുമെന്ന് ഇന്ന് വ്യക്തമാകും

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം കൊട്ടിക്കയറുകയാണ്. നാമനിർദ്ദേശ പത്രികയിലെ സൂസ്മ പരിശോധനയടക്കം കഴിഞ്ഞതോടെ പ്രമുഖ മുന്നണികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത് വിമത ശല്യവും ഘടക കക്ഷികൾ ഉയർത്തുന്ന അസ്വാരസ്യവുമാണ്. എൽ ഡി എഫിൽ സി പി എം - സി പി ഐ പോരാണെങ്കിൽ യു ഡി എഫിൽ കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്നം. കോർപ്പറേഷനിലേക്കും നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും വിമതശല്യവും പാളയത്തിൽ പടയും ശക്തമായി തുടരുകയാണ്. വിമത സ്ഥാനാര്‍ഥികളെ പിന്തരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. അവസാന വട്ട ചർച്ചകൾക്കൊടുവിൽ മത്സരചിത്രം എന്താകുമെന്ന് ഇന്ന് വ്യക്തമാകും. നാമനിർദ്ദേശ പത്രിക പിൻവലിക്കൽ ഇന്ന് 3 മണിവരെയാണ്. അതുകഴിഞ്ഞാൽ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള സസ്പെൻസെല്ലാം അവസാനിക്കും. 

 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം 1,07,211 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സ്വീകരിച്ചത്. 1,54,547 പത്രികകളാണ് അംഗീകരിച്ചത്. 2479 പത്രികകള്‍ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും.. ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജില്ലകളിൽ നടത്തും

മത്സര ചിത്രം ഇന്ന് തെളിയും

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സര ചിത്രം ഇന്ന് തെളിയും.സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. വിമതരുടെയും ഘടകകക്ഷികളുടെയും സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോടെ മുന്നണികൾക്ക് ആശ്വാസമാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം 1,07,211 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സ്വീകരിച്ചത്. 1,54,547 പത്രികകളാണ് അംഗീകരിച്ചത്. 2479 പത്രികകള്‍ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും.. ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജില്ലകളിൽ നടത്തും. 

വിമതശല്യവും വിമതരെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവും

മത്സരചിത്രം തെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വിമതരെ ചേർത്ത് നിർത്താനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. ഓഫറുകൾ പലതും നൽകിയും ഭീഷണി ഉയർത്തിയിമുള്ള നീക്കങ്ങൾ സജീവമാണ്. ചിലർ വഴങ്ങുമെന്ന സൂചനയുണ്ടെങ്കിലും മറ്റ് ചിലർ പാറപോലെ ഉറച്ചുനിൽക്കുകയാണ്. കൊല്ലം കോർപ്പറേഷനിൽ കുരീപ്പുഴയിൽ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് കൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമതനായ എസ് ഷാനവാസ് പത്രിക നൽകിയത് മുന്നണിയെ വെട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സി പി ഐ മത്സരിക്കുന്നത് സി പി എമ്മിന് വലിയ തലവേദനയാണ്. വയനാട്ടിൽ റിബൽ ഭീഷണി ഉയർത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ആലപ്പുഴ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിൽ സി പി എം- സി പി ഐ പോരും രൂക്ഷമാണ്. അമ്പലപ്പുഴയിൽ കോൺഗ്രസിന് വെല്ലുവിളിയായി ലീഗ് സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ വാഴോട്ടുകോണം വാർഡിൽ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി കെ വി മോഹനൻ അനുനയത്തിന് വഴങ്ങാതെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഭീഷണിയായി നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി നടപടി എടുത്ത ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയിലും സി പി എമ്മിന് ഭീഷണിയാണ്. പൗണ്ട് കടവിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് റിബലിനെ അനുനയിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുഞ്ചക്കരിയിൽ ആർ എസ് പി സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകിയ മുൻ കൗൺസിലർ കൃഷ്ണവേണിയും പിന്നോട്ടില്ല.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കും

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷൻസ്, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപനസെക്രട്ടറിമാർക്കും ആവശ്യമായ നിർദ്ദേശം നൽകാനും ജില്ലാ കളക്ടർമാരോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാതൃകാ പെരുമാറ്റചട്ടത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതുക്കിയ നിർദ്ദേശ പ്രകാരം  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃത പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി സ്വീകരിക്കണം. അനുമതിയില്ലാത്ത സ്ഥാപിക്കുന്ന ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ തുടങ്ങിയവ വേഗത്തിൽ നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം ഡി ഇ ഒ മാർ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്