
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ. ഒന്നരലക്ഷം വോട്ടുകളാണ് രാഘവന്‍റെ ലീഡ്, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് എംകെ രാഘവൻ. ജാതി മത ഭേദമന്യേയുള്ള ജനമനസുകളാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്ന് എംകെ രാഘവൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കോഴിക്കോട്ടെ ജനങ്ങളുടെ വിജയമാണിത്. അവരുടെ മുന്നിൽ പ്രണമിക്കുന്നു. ജനങ്ങളോടുള്ള കടപ്പാട് എല്ലാകാലത്തും ഉണ്ടാകുമെന്നും രാഘവൻ കൂട്ടിച്ചേർത്തു. ഒരു ലക്ഷം ഭൂരിപക്ഷം ആദ്യമേ പ്രതീക്ഷിച്ചിരുന്നതായും എംകെ രാഘവൻ പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ രാഘവന് വൻ മുന്നേറ്റമാണ് നേടിയത്.