
ഇടുക്കി: പോളിംഗ് ശതമാനത്തിലെ ഇടിവിലും കേരള കോണ്‍ഗ്രസ് (എം)ന്റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു. ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷം ഇടതു പാളയത്തില്‍ അമ്പരപ്പ് മാത്രമല്ല ഞെട്ടലുമുണ്ടാക്കി. ഇടതുകോട്ടയായ ഉടുമ്പഞ്ചോല അടക്കം ഏഴ് മണ്ഡലങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ ഉണ്ടായത് യു ഡി എഫ് തേരോട്ടമായിരുന്നു. സി പി എമ്മിലെ ജോയ്‌സ് ജോര്‍ജുമായി മൂന്നാമങ്കത്തിനിറങ്ങിയ ഡീന്‍ കുര്യാക്കോസിന് ഇത് തുടര്‍ച്ചയായ രണ്ടാം ജയമാണ്.
2019ല്‍ 171053 വോട്ടായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. ഡീന്‍ കുര്യാക്കോസിന് 4,32,372 വോട്ടും ജോയ്സ് ജോര്‍ജിന് 2,98,645 വോട്ടുമാണ് അന്ന് ലഭിച്ചത്. എന്‍ഡിഎയുടെ സംഗീത വിശ്വനാഥന്‍ നേടിയത് 91,323 വോട്ട്. എന്നാൽ ഇത്തവണ ഡീനിന്‍റെ ലീഡ് കഴിഞ്ഞ തവണത്തേക്കാള്‍ 12675 വോട്ടാണ്.
എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം
നിയോജക മണ്ഡലത്തിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം.33620. ഇടതു മുന്നണി ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഉടുമ്പഞ്ചോലയില്‍ യുഡിഎഫ് 6760 വോട്ടിന് മുന്നിലെത്തി. മുവാറ്റുപുഴയില്‍ 27,620, കോതമംഗലത്ത് 20,481, ദേവികുളത്ത് 12437, ഇടുക്കിയില്‍ 15,595, പീരുമേട്ടില്‍ 14,641 എന്നിങ്ങനെയാണ് യു ഡി എഫ് ഭൂരിപക്ഷം. നോട്ടക്ക് 9519 വോട്ട് ലഭിച്ചു. 9372 തപാല്‍ വോട്ടുകളില്‍ 2573 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ നേടി.
പോളിംഗിലെ കുറവും ഗുണം ചെയ്തില്ല
1977ല്‍ ഇടുക്കി ലോകസഭാ മണ്ഡലം രൂപീകൃതമായതിന് ശേഷമുളള രണ്ടാമത്തെ കുറഞ്ഞ പോളിംഗ് ശതമാനം ഇക്കുറിയുണ്ടായത് എല്‍ ഡി എഫിന് പ്രതീക്ഷ പകര്‍ന്നിരുന്നു. 66.55 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. 1251189 വോട്ടര്‍മാരുളള മണ്ഡലത്തില്‍ തപാല്‍- സര്‍വീസ് വോട്ട് അടക്കം രേഖപ്പെടുത്തിയത് 841286 മാത്രം. 2019ലെ 76.36 ശതമാനത്തേക്കാള്‍ 9.81 ശതമാനത്തിന്റെ കുറവ്. എന്നാല്‍ ഭരണ വിരുദ്ധ വികാരത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ഭൂ പ്രശ്നങ്ങളും വന്യജീവി അക്രമണവും സജീവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ഇടുക്കി യു ഡി എഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോകസഭ മണ്ഡലത്തില്‍ എല്‍ ഡി എഫിന് 33746 വോട്ടിന്റെ മേല്‍ക്കൈയുണ്ടായിരിക്കെയാണ് ഈ തിരിച്ചടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam