
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് കേരളം ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് (ഏപ്രില്‍ 26) സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളയാളാണ് നിങ്ങളെങ്കില്‍ പോളിംഗ് ബൂത്ത് ഏതെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്താം. ഇതിനായി വളരെ ലളിതമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.
ഇലക്ഷന്‍ കമ്മീഷന്‍റെ https://electoralsearch.eci.gov.in വെബ്സൈറ്റില്‍ പ്രവേശിച്ച് നിങ്ങളുടെ പേരും, പ്രായവും, ജില്ലയും, നിയമസഭ മണ്ഡലവും അടങ്ങുന്ന വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ പോളിംഗ് ബൂത്ത് ഏതെന്ന് അറിയാനാകും. അതേസമയം വോട്ടർ ഐഡി കാർഡ് നമ്പർ (EPIC number) മാത്രം നല്‍കി സെർച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടർ ഐഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പർ നല്‍കി ഒടിപി കൊടുത്താലും വിവരം ലഭിക്കും. ഈ മൂന്ന് രീതിയിലൂടെ പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്ക്രീനില്‍ കാണിക്കുന്ന captcha code കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പോളിംഗ് ബൂത്ത് ഏതാണ് എന്ന അന്തിമ ഫലം ലഭിക്കില്ല. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ഈ ബൂത്തിന്‍റെ ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്യാം.
ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴിയല്ലാതെ പോളിംഗ് ബൂത്ത് കണ്ടെത്താനും സംവിധാനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമില്‍ വരുന്ന Voter Helpline App വഴി പോളിംഗ് ബൂത്ത് കണ്ടെത്താം. തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഹെല്‍പ്‍ലൈന്‍ നമ്പറായ 1950ല്‍ വിളിച്ചാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ കിട്ടും. എന്നാല്‍ ഈ നമ്പറിലേക്ക് വിളിക്കും മുമ്പ് എസ്‍ടിഡി കോഡ് ചേർക്കാന്‍ മറക്കണ്ട.
Read more: ഇന്ന് നിശബ്ദ പ്രചരണം മാത്രം; പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പിടിവീഴും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam