മെഡിക്കൽ കോളേജുകളിൽ സ്ഥിതി രൂക്ഷം, രോഗികളെ വലച്ച് പിജി ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

Published : Dec 11, 2021, 07:11 AM IST
മെഡിക്കൽ കോളേജുകളിൽ സ്ഥിതി രൂക്ഷം, രോഗികളെ വലച്ച് പിജി ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

Synopsis

ജോലിഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോവുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഒഴികെ എല്ലാ ചികിത്സ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. ചർച്ചയ്ക്ക് വഴിയൊരുങ്ങാത്ത സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം. സമരം തുടർന്നാൽ പ്രതിസന്ധിയാകുമെന്നാണ് മെഡിക്കൽ കോളേജുകളിലെ വിലയിരുത്തൽ. വിമർശനം ശക്തമായതോടെ ഹോസ്റ്റലുകളിൽ നിന്ന് സമരക്കാരെ ഒഴിപ്പിച്ച നടപടി സർക്കാർ പിൻവലിച്ചു. അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായ, നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങി. തിങ്കളാഴ്ച ഇതിനായുള്ള അഭിമുഖം നടക്കും.

ജോലിഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോവുന്നത്. സ്റ്റൈപ്പൻഡ് വർധനവിൽ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാൻ രാത്രിയിൽ തന്നെ ഹോസ്റ്റലുകൾ ഒഴിയാൻ നൽകിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചു.

സമരം തുടങ്ങിയതോടെ ഇന്നലെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം താളം തെറ്റി. ഒപിയിൽ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ശസ്ത്രക്രിയകൾ അടിയന്തരമായവ മാത്രമാക്കി പരിമിതപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. സീനിയർ ഡോക്ടർമാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേൽപ്പിച്ചാണ് സ്ഥിതി നേരിടുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. രണ്ട് തവണ ചർച്ച നടത്തിയിട്ടും സമരം തുടരുന്നതിനാൽ, ഇനി ചർച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സർക്കാർ നിലപാട്. നീറ്റ്-പിജി പ്രവേശനം നീളുന്നത് കോടതി നടപടികൾ കാരണമാണെന്നും, സ്റ്റൈപ്പൻഡ് വർധനവ് ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും സർക്കാർ വിശദീകരിക്കുന്നു.

വിവാദമായതോടെ, രാത്രികളിൽ ഹോസ്റ്റൽ ഒഴിയാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ്, മന്ത്രിയുടെ ഓഫീസിന്‍റെ നിർദേശ പ്രകാരമെന്ന് കാട്ടി ഹോസ്റ്റലുകളിൽ നിന്ന് സമരക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകിയത്. ഇത് പരിശോധിക്കുമെന്നും തിരുത്തുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

സമരം ചെയ്യുന്ന പിജി ഡോക്ടർമാരോടുള്ള പ്രതികാര നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ്. ചർച്ച ചെയ്ത് ഉടൻ സമരം അവസാനിപ്പിക്കണമെന്നും വിഡി സതീശൻ സർക്കാറിനോട് ആവശ്യപ്പെട്ടു. സമര രംഗത്തുള്ള പെൺകുട്ടികൾ അടക്കമുള്ളവരോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ട സർക്കാർ തീരുമാനം ശരിയല്ലെന്നും സതീശൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്