
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വെബ്സൈറ്റ് നിശ്ചലമായി. മണിക്കൂറുകളോളം ആർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. മരുന്നുകൾ ഉൾപ്പടെ വാങ്ങിയതുമായി ബന്ധപ്പെട്ട ടെൻഡർ, ഓർഡർ നൽകിയ മരുന്നുകളടക്കം മുഴുവൻ വിവരവും ഉള്ളതായിരുന്നു വെബ്സൈറ്റ്. എന്നാൽ വെബ്സൈറ്റിന് നേരിട്ടിരിക്കുന്നത് സാങ്കേതിക തകരാർ മാത്രമെന്നാണ് സർക്കാർ നൽകിയ ഔദ്യോഗിക വിശദീകരണം. പിന്നാലെ വെബ്സൈറ്റിന്റെ തകരാർ പരിഹരിച്ച് പുനസ്ഥാപിക്കുകയും ചെയ്തു.
കൊവിഡ് കാലത്ത് മരുന്നുകളും മറ്റ് സാധനങ്ങളും വാങ്ങിയതിൽ അഴിമതി ആരോപണം കെഎംഎസ്‌സിഎൽ നേരിടുന്നുണ്ട്. അതിനിടെയാണ് കൊല്ലത്തും തിരുവനന്തപുരത്തും കോർപറേഷന്റെ മരുന്ന് സംഭരണ ശാലകൾക്ക് തീപിടിച്ചത്. സംഭവത്തിൽ പ്രതിപക്ഷം അട്ടിമറി ആരോപിച്ചിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് നിരവധി വിവരങ്ങളുള്ള വെബ്സൈറ്റും പ്രവർത്തനം നിലച്ച നിലയിലായത്.