കൊവിഡ് അവലോകനയോഗം മറ്റന്നാൾ, കട തുറക്കുന്നതിൽ വ്യാപാരി-മുഖ്യമന്ത്രി ചർച്ച നാളെ

By Web TeamFirst Published Jul 15, 2021, 7:40 PM IST
Highlights

രാവിലെ ചർച്ചയ്ക്ക് മുമ്പും ചർച്ചക്ക് ശേഷവും വ്യാപാരി വ്യവസായിഏകോപനസമിതി സമിതി യോഗം ചേരും.  മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ തീരുമാനമെടുക്കാനാണ് വ്യാപാരികളുടെ തീരുമാനം. 

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം മറ്റന്നാൾ ചേരും. ഇന്ന് മന്ത്രിസഭാ വിഷയം ചർച്ച ചെയ്യാത്തതിനാൽ നാളെ അവലോകനയോഗം ചേരുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചന.

കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കുന്നതടക്കമുള്ള ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും. 

ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മറ്റന്നാളാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്. ഇതിന് ശേഷമായിരിക്കും തീരുമാനം അറിയിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നകാര്യം ചർച്ച ചെയ്തിരുന്നില്ല. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!