കേരളത്തിൽ ജനസംഖ്യാ വളർച്ച താഴേക്ക്, അതിഥി തൊഴിലാളികളുടെ എണ്ണം ഉയരുന്നു; മുഖം മാറ്റി ഇന്ത്യൻ ഗ്രാമങ്ങൾ

Published : Nov 17, 2022, 08:39 PM IST
കേരളത്തിൽ ജനസംഖ്യാ വളർച്ച താഴേക്ക്, അതിഥി തൊഴിലാളികളുടെ എണ്ണം ഉയരുന്നു; മുഖം മാറ്റി ഇന്ത്യൻ ഗ്രാമങ്ങൾ

Synopsis

ഈ സ്ഥിതിയിൽ 2051ലെത്തിയാൽ സംസ്ഥാനത്തുള്ള മൂന്നിൽ ഒരാൾ അറുപത് വയസ്സ് പിന്നിട്ടവരാകും. ഈ പശ്ചാത്തലത്തിലാണ് നിലവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വരവിനെ കാണേണ്ടതും

കൊച്ചി: ജനസംഖ്യ കുറയാൻ തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉയർന്ന വിദ്യാഭ്യാസം, മെച്ചപ്പെട്ട തൊഴിലിനായുള്ള കുടിയേറ്റം. ഇതോടെ കെട്ടിട നിർമ്മാണമടക്കം മലയാളി ഉപേക്ഷിച്ച പല തൊഴിലും ചെയ്യാൻ ആളില്ലെന്ന അവസ്ഥയായി. ഇപ്പോഴത്തെ വിലയിരുത്തൽ പ്രകാരം സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2050ഓടെ അരക്കോടി എത്തുമെന്നാണ് പ്ലാനിംഗ് ബോർഡിന്‍റെ വിലയിരുത്തൽ. ഒരു കാലത്ത് ഗൾഫ് പണം കൊണ്ട് കേരളം മാറിയത് പോലെ ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിൽ വലിയ മാറ്റത്തിന് കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റം കാരണമാകുന്നു.

1961 ലെ സെൻസസ് പ്രകാരം 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണമായിരുന്നു ജനസംഖ്യയിൽ ഏറ്റവും കുറവ്. യുവാക്കളുടെ ശതമാനമായിരുന്നു അന്ന് കൂടുതൽ. എന്നാൽ മികച്ച ചികിത്സ സൗകര്യങ്ങൾ ഉൾപ്പടെ ഉറപ്പാക്കാനായതോടെ കേരളത്തിൽ ആയുർ ദൈർഘ്യം കൂടി. അറുപത് വയസ്സ് പിന്നിട്ടവരുടെ എണ്ണവും കാര്യമായി കൂടി. മാറിയ സാഹചര്യത്തിൽ കേരളത്തിൽ തുടരുന്ന യുവാക്കളുടെ എണ്ണം ഉയർന്നതുമില്ല. ഈ സ്ഥിതിയിൽ 2051ലെത്തിയാൽ സംസ്ഥാനത്തുള്ള മൂന്നിൽ ഒരാൾ അറുപത് വയസ്സ് പിന്നിട്ടവരാകും. ഈ പശ്ചാത്തലത്തിലാണ് നിലവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വരവിനെ കാണേണ്ടതും.

തമിഴ്നാടിനെ കൂടാതെ പശ്ചിമ ബംഗാൾ,ആസാം,ബിഹാർ,ജാർഖണ്ഡ്,കർണാടക,ഒഡീഷ ഉത്തർ പ്രദേശ് എന്നിവടങ്ങളിൽ നിന്ന് 1990കൾ മുതലാണ് തൊഴിലാളികൾ എത്തി തുടങ്ങിയത്. ഇന്ന് 2022ൽ രാജ്യത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ കുടിയേറ്റ ഇടനാഴികൾ കേരളത്തിൽ നിന്നാണ്. കൊല്ലത്ത് നിന്ന് 3500 കിലോമീറ്റർ ദൂരെ അസമിലെ നൗഗാവ്, കോട്ടയത്ത് നിന്ന് 3700 കിലോമീറ്റർ ദൂരെ ആസാമിലെ ദിബ്രുഗർ.ഇവിടെ നിന്നെല്ലാം കേരളത്തിലേക്ക് തൊഴിലാളികളെത്തുന്നു.

എത്ര ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നു എന്നതിന് കൃത്യമായ കണക്കുകളില്ല. പഞ്ചാബ് സർവ്വകലാശാല പ്ലാനിംഗ് ബോർഡുമായി ചേർന്ന് 4 വർഷം മുൻപ് നടത്തിയ പഠനത്തിൽ 31ലക്ഷം പേർ പല സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലിനായി എത്തുന്നു എന്നാണ് കണക്ക്. എറണാകുളം ജില്ലയിൽ മാത്രം ആറ് ലക്ഷം പേരുണ്ട്. 14,000 ത്തിൽ അധികം കുടുംബങ്ങളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കൂടി വരുന്നുവെന്നും കണക്കുകൾ പറയുന്നു.

വരുന്നവ‍ർ ആരൊക്കെയാണ്

രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ആദിവാസി, ദളിത്,മതന്യൂനപക്ഷ ജനവിഭാഗമുള്ള ജില്ലകളിൽ നിന്നാണ് സജീവമായ കുടിയേറ്റങ്ങൾ. ഏറ്റവും കൂടുതൽ ദളിത് വിഭാഗങ്ങളുള്ള രാജ്യത്തെ ആദ്യ അഞ്ച് ജില്ലകളിലെ നാലിൽ നിന്നും കേരളത്തിലേക്ക് തൊഴിലാളികൾ എത്തുന്നു. നിലവിൽ സംസ്ഥാനത്ത് കൈത്തറി പോലെ ചുരുക്കം ചില പരമ്പരാഗത തൊഴിലുകളിൽ ഒഴികെ എല്ലാ മേഖലകളിലും ഇതരസംസ്ഥാന സാന്നിദ്ധ്യമുണ്ട്. വ്യവസായം, കെട്ടിടനിർമ്മാണം, മീൻപിടുത്തം, പ്ലാന്‍റേഷൻ തുടങ്ങി പ്രധാന മേഖലകൾക്കൊന്നും ഇതര സംസ്ഥാന തൊഴിലാളികളില്ലാതെ പിടിച്ച് നിൽക്കാനും ആകില്ല.

എന്ത് കൊണ്ട് കേരളം?

ഇവിടത്തെ പ്രാദേശിക തൊഴിലാളികളേക്കാളും കുറഞ്ഞ കൂലിയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക്. എന്നിട്ടും ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ തന്നെ ഏറ്റവും കൂടിയ കൂലി കിട്ടുന്ന സ്ഥലമാണ് ഈ തൊഴിലാളികളെ സംബന്ധിച്ച് കേരളം. വ്യാപക കൃഷിനാശം, പ്രളയം, വരൾച്ച, കുറഞ്ഞ തൊഴിൽ സാധ്യത, കുറഞ്ഞ കൂലി, ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, രാഷ്ട്രീയ അസ്ഥിരത, കടുത്ത ജാതിവിവേചനം തുടങ്ങിയ കാരണങ്ങളാണ് ജീവിക്കാൻ വേണ്ടി അവരുടെ സംസ്ഥാനങ്ങൾ വിടാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്നത്. ഇവിടെ നിന്നുള്ള വരുമാനം ഇന്ത്യയിലെ ഗ്രാമീണ മേഖലകളെ കൂടി കരുത്തരാക്കുന്നുണ്ട്. പ്രതിമാസം ശരാശരി 124 കോടി രൂപയാണ് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന പ്രദേശവാസികൾ അയക്കുന്നത്. 70കളിൽ ഗൾഫ് പണം വഴി കേരളം മാറിയത് പോലെ രാജ്യത്തെ ഗ്രാമീണ മേഖലകളിലെ വലിയ മാറ്റങ്ങൾക്ക് കേരളത്തിലേക്കുള്ള കുടിയേറ്റം വഴിവയ്ക്കുന്നു.

നമ്മുടെ സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വലിയൊരു ശതമാനം അദ്ധ്വാനവും ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളുടേത് ആണ്. മാത്രമല്ല പലച്ചരക്ക് കട മുതൽ വാടകവീട് വരെ പ്രാദേശിക വിപണിയിലും ഇവർ ചിലവഴിക്കുന്ന പണം കേരളത്തിലെ നഗരഗ്രാമ മേഖലകളിലും പ്രകടമാണ്. പതിനായിരം കോടി രൂപ എങ്കിലും പ്രതിവർഷം ജീവിതചിലവിനായി ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ചിലവഴിക്കുന്നു എന്നാണ് കണക്കുകൾ.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും