
തിരുവനന്തപുരം: വഴിയിൽ വീണുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ കിട്ടാൻ കുറിപ്പെഴുതിവെച്ച മൂന്ന് വിദ്യാർത്ഥികളെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചീമേനിയിലെ കൂളിയാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവരുടെ പ്രവൃത്തി ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
"ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു" എന്നെഴുതിയ കുറിപ്പോടെയാണ് കുട്ടികൾ കണ്ണട സൂക്ഷിച്ചത്. കുട്ടികളുടെ ഈ പ്രവൃത്തി അവരുടെ നിർമ്മലമായ മനസ്സിനെയും സത്യസന്ധതയെയും ആണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മാതൃകയായി മാറുന്നുവെന്നും വിദ്യാഭ്യാസം മനുഷ്യസ്നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടതെന്നതിന് ഈ കുട്ടികൾ തെളിവാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്."
ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളുടെ നീതിബോധം സമൂഹത്തിന് പാഠമാണ്; "ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്..' കുറിപ്പിന് പ്രശംസ
ചീമേനിയിൽ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവർ സ്കൂൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിൻ്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.
"ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു." – ഈ വാക്കുകൾ, കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവർക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.
ആദിയും, പാച്ചുവും, ശങ്കുവും – നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്.
വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികൾ തന്നെയാണ് അതിന് തെളിവാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam