
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്‍ഞ ചെയ്തത്. കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സത്യവാചകത്തിന് അവസാനം ആലുവാക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു. എംഎസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്.
കെഎൻ ബാലഗോപാൽ, വിടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ഉമ്മൻചാണ്ടിയുടെ ഫോട്ടോ പതിച്ച ടി ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ ഫൈസൽ ബാബു ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തളിപ്പറമ്പിൽ നിന്ന് സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ടികെ ഗോവിന്ദൻ, പിണറായി വിജയന് കൈ കൊടുത്തു കൊണ്ടാണ് സത്യപ്രതിജ്ഞ ചൊല്ലാനെത്തിയത്. സഗൗരവം ആയിരുന്നു പ്രതിജ്ഞ. ഭരണനിരയിൽ നിന്ന് കയ്യടികളോടെയാണ് ഗോവിന്ദനെ വരവേറ്റത്. സിപി ജോൺ, വി ജോയ് എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ സഗൗരവം സത്യപ്രതിജ്ഞ ചൊല്ലി. പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു കൊണ്ടായിരുന്നു സത്യപ്രതിജ്ഞ. മാണിസി കാപ്പൻ, മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam