
കണ്ണൂർ : കേരള മോഡൽ (CPM kerala model) ദേശീയ മാതൃകയല്ലെന്ന് സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. ഓരോ സംസ്ഥാനത്തും സാഹചര്യം വ്യത്യസ്തമാണെന്നും ചില കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്ര നയങ്ങൾക്ക് ബദലെന്നും മുഹമ്മദ് സലീം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പാർട്ടിക്ക് അറിയാം. ഗതാഗത സംവിധാനങ്ങളിൽ കേരളത്തിൽ പ്രതിസന്ധികളുണ്ട്. കെ റെയിലിൽ സംസ്ഥാന സർക്കാരിനും പാർട്ടിക്കും തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ സിപിഎം മടങ്ങി വരുമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം, കോൺഗ്രസുമായി ഉണ്ടാക്കിയത് താത്കാലിക കൂട്ടുകെട്ട് മാത്രമാണെന്നും വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാലത് താൽക്കാലികം മാത്രമാണ്. പാർട്ടി കോൺഗ്രസ് തീരുമാനമനുസരിച്ച് ഇനി തീരുമാനമെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം തൃണമൂൽ കോൺഗ്രസിന്റെ നയങ്ങൾ ബിജെപിക്ക് എതിരല്ലെന്നും അഭിപ്രയപ്പെട്ടു. കേന്ദ്ര ഏജൻസികളുമായി വിധേയപ്പെടുന്നവരോട് സഖ്യമില്ല. മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയവരുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം(CPM) പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്ന് നടക്കും. ഇന്നലെ റിപ്പോർട്ട് അവതരിപ്പിച്ച പ്രകാശ് കാരാട്ട് 1964 നു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വ്യക്തമാക്കി. പുതിയ നേതൃത്വത്തെ വാർത്തെടുക്കാൻ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടു വരുമെന്നും കാരാട്ട് അറിയിച്ചു. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പുതിയ പിബി, സിസി അംഗങ്ങളുടെ ആലോചനയും ഇന്ന് നടക്കും. കേരളത്തിൽ നിന്ന് എ വിജയരാഘവനോ എ കെ ബാലനോ പിബിയിലെത്താൻ സാധ്യതയുണ്ട്.
കോൺഗ്രസുമായി ദേശീയ രാഷ്ട്രീയസഖ്യമില്ലെന്ന അടവുനയം തുടരാനാണ് സിപിഎം പാർട്ടി കോൺഗ്രസിലെ തീരുമാനം. കോൺഗ്രസുമായുള്ള അകലം എത്രയാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കണമെന്ന കേരളത്തിൻറെ നിലപാട് അംഗീകരിച്ചില്ല. ദേശീയതലത്തിൽ വിശാല കൂട്ടായ്മ എന്ന നിർദ്ദേശമാണ് സിപിഎം പാർട്ടി കോൺഗ്രസ് രണ്ടു ദിവസം ചർച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മയിൽ കോൺഗ്രസിൻറെ പങ്ക് എന്ത് എന്നതിൽ ചില അവ്യക്തത ബാക്കിയാക്കിയാണ് പാർട്ടി കോൺഗ്രസ് ചർച്ചയും അവസാനിക്കുന്നത്. വിശാല കൂട്ടായ്മയിൽ ചേരാൻ വർഗ്ഗീയതയോട് സന്ധി ചെയ്യുന്ന നയം തിരുത്തണം. എന്നാൽ സമരങ്ങളിൽ കോൺഗ്രസിനൊപ്പം ഉണ്ടാകില്ല എന്ന് സിപിഎം പറയുന്നില്ല. അതായത് കോൺഗ്രസുമായി ഒരു സഹകരണവും വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam