
ദില്ലി: തെക്ക് പിടഞ്ഞാറൻ മൺസൂൺ വളരെ സജീവമായതിനാൽ കേരളത്തിൽ വരുന്ന നാല് മാസം അധികം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ പെയ്യുന്നതിലും 8 ശതമാനം അധികം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ഒരു പ്രദേശത്ത് ചുരുങ്ങിയ സമയത്തിനകം അതിശക്തമായ മഴ പെയ്യുന്ന സാഹചര്യം തുടരുമെന്നും, ഈ സാഹചര്യത്തെ എങ്ങനെ വരും വർഷങ്ങളില്‍ കൈകാര്യം ചെയ്യുമെന്നത് ചിന്തിക്കണമെന്നും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സ്യതൊഴിലാളികളും, കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി.
ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി 8 ദിവസം മുമ്പേ കേരളത്തില്‍ മൺസൂണെത്തി. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യയിലുടനീളം സാധാരണയിലും 6 ശതമാനം അധികം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ കേരളത്തിൽ 8 ശതമാനത്തില്‍ അധികം മഴ പെയ്യും, അതിശക്തമായ മഴ സംസ്ഥാനത്ത് തുടരും. കഴിഞ്ഞ വർഷത്തേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇത്തവണത്തെ സാഹചര്യം. പല ഘടകങ്ങളുടെ ഒരുമിച്ചുള്ള സ്വാധീനം കാരണം മഴയുടെ അളവിൽ കാര്യമായ വ്യത്യാസമുണ്ടാകും. എന്നാൽ എൽനിനോ പ്രതിഭാസം ഇത്തവണ മൺസൂണിനെ ബാധിക്കില്ല. ഒരു സ്ഥലത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യുന്നത് തുടരും. വരും വർഷങ്ങളിലും ഇത് പ്രതീക്ഷിക്കണം. വെള്ളം സംഭരിക്കുന്നതടക്കം ഈ സാഹചര്യത്തെ എങ്ങനെ ഭാവിയില്‍ നേരിടണമെന്നത് എല്ലാവരും ചിന്തിക്കണമെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴ കേരളത്തിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. മൺസൂൺ നേരത്തെ എത്തി സജീവമായി തുടരുന്നതും ശക്തമായ മഴ തുടരാൻ കാരണമാണ്. എന്നാൽ ഈതേ രീതിയിൽ സീസൺ മുഴുവൻ മഴ തുടരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. ജനങ്ങൾ തികഞ്ഞ ജാഗ്രത തുടരണമെന്നും ഐഎംഡി ഡയറക്ടർ മുന്നറിയിപ്പ് നല്‍കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം