കേരളത്തിൽ വീണ്ടും മഴക്കാലം; ഉച്ച കഴിഞ്ഞാൽ ഇടിവെട്ടി പെയ്യും, എന്താണ് തുലാവർഷം?

Published : Oct 15, 2025, 01:32 PM IST
KERALA RAIN

Synopsis

കേരളത്തിൽ കാലവർഷം പിൻവാങ്ങിയതോടെ വടക്കുകിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന തുലാവർഷം എത്തുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന ഈ മഴക്കാലത്ത്, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ എന്ന് അറിയപ്പെടുന്ന തുലാവർഷം എത്തുന്നു. രണ്ട് ദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം പൂർണമായും പിൻവാങ്ങി. തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ പെയ്തേക്കും.

എന്താണ് തുലാവർഷം?

ജൂൺ മുതൽ സെപ്തംബരെ നീളുന്ന കാലവർഷത്തിന്റെ നേർ വിപരീതമാണ് തുലാവർഷം. ഒക്ടോബർ പകുതിയോടെ തുടങ്ങി ഡിസംബർ വരെയാണ് തുലാമഴ പെയ്യുക. ഇരുണ്ടുകൂടുന്ന മഴമേഘങ്ങളും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ തുടക്കമായി എന്ന സൂചനകൾ നൽകുന്നത്. കനത്ത മഴയും ഇടിമിന്നലുമാണ് ഇതിന്റെ പ്രത്യേകതയും. ഉച്ചകഴിഞ്ഞ് പെയ്യുന്നതാണ് തുലാമഴയുടെ ശൈലി.

പശ്ചിമഘട്ടം കടന്നെത്തുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷമായി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണിത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് നീങ്ങുന്തോറും മഴയുടെ അളവും ശക്തിയും കുറയും. മഴയുടെ ഇടവേളകളിൽ വെയിലും ചൂടുമുണ്ടാകും. സാധാരണ ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. ഡിസംബറോടെ മഴയുടെ ശക്തി കുറയും. തുടർന്ന് തണുപ്പുകാലം തുടങ്ങും.

വടക്കു-കിഴക്കൻ ദിശയിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന മൺസൂൺ കാറ്റോടെയാണ് തുലാമഴ എത്തുക. ഇത്തവണത്തെ തുലാവർഷത്തിൽ 12 ശതമാനം അധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാ പ്രദേശിന്റെയും കർണാടകയുടെയും തീരദേശം എന്നിവിടങ്ങളിലും തുലാവർഷപ്പെയ്ത്തുണ്ടാകും. തുലാമഴയിലാണ് തമിഴ്നാട്ടിൽ കൃഷിക്ക് ആവശ്യമായ മഴ ലഭിക്കുന്നത്. കാലവർഷം പിൻവാങ്ങുന്നതോടെ തുലാവർഷം എത്തുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. വരാനിരിക്കുന്ന വരൾച്ചയും ജലക്ഷാമവും പരിമിതപ്പെടുത്താൻ തുലാമഴയുടെ ലഭ്യതകൊണ്ട് സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്