
തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഏഴ് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദ്യാർത്ഥികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുന്നമൂട് സ്കൂളിൽ നിന്നും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് സാരമായ ശ്വാസതടസ്സമുണ്ടെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ആർ കൃഷ്ണ വേണി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വിദ്യാർത്ഥികളെയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്; നാല് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും. പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ്. റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികൾ പറഞ്ഞതായും ആറ് വിദ്യാർഥികളെയും നിലവിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam