സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി, വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് അപകടം

Published : May 30, 2025, 11:07 AM ISTUpdated : May 30, 2025, 11:13 AM IST
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി, വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് അപകടം

Synopsis

മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കനത്ത മഴയിൽ മരം വീണ് വ്യാപകനാശമാണ് വിവിധ ജില്ലകളിലുണ്ടായത്. ട്രെയിനുകള്‍ വൈകിയോടുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ ആൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.  മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കനത്ത മഴയിൽ മരം വീണ് വ്യാപകനാശമാണ് വിവിധ ജില്ലകളിലുണ്ടായത്. നിരവധി വീടുകൾ തകർന്നു. നദികളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനശതാബ്ദിയടക്കം ട്രെയിനുകൾ ഇന്നും വൈകിയോടുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹമാണ് കിട്ടിയത്. മത്സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി തഥയൂസ് ആണ് മരിച്ചത്. പൂവാറിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കാണാതായ സ്റ്റെല്ലസിനായി തെരച്ചിൽ നടത്തുകയാണ്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം വിഴിഞ്ഞം വാർഫിന് സമീപത്തുവെച്ചാണ് മറ‍ിഞ്ഞത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. 

എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുമാറാടി കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി ആണ് മരിച്ചത്. എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിലിനെയാണ് കാണാതായത്. ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആള്‍ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

ബംഗാൾ തീരത്തിനു സമീപം അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ കനത്ത മഴ പെയ്യുന്നത്. ഇന്ന് മുതൽ അഞ്ചു ദിവസം മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ അപകടങ്ങളിൽ രണ്ടു പേർ കൂടി മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. നൂറിലേറെ വീടുകൾ തകർന്നു. പലയിടത്തും റെയിൽവേ ട്രാക്കിൽ മരം വീണത് കാരണം റെയിൽ ഗതാഗതം താറുമാറായി. വാഹനങ്ങൾക്ക്  മുകളിൽ മരം വീണ് ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റു. വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടം ഉണ്ടായി. രണ്ടായിരം ഹൈടെൻഷൻ പോസ്റ്റുകളും, പതിനാറായിരം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. അൻപതിനായിരം ഇടത്ത് ലൈനുകൾ പൊട്ടിവീണു.


കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു. പാടശേഖരങ്ങൾ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലും വെള്ളക്കെട്ട്.മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ടയിലെ കോസ്‍വേകൾ മുങ്ങി. പത്തനംതിട്ടയിൽ മണിമലയാർ കരകവിഞ്ഞ് തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരം, മംഗലശ്ശേരി, ആറ്റുമാലി പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കണ്ണൂരില്‍ മലയോരമേഖലകളില്‍ മഴ ശക്തം പെരുമഴയിൽ റോഡ് ഗതാഗതവും അവതാളത്തിലായി. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. നാദാപുരം തലശ്ശേരി സംസ്ഥാന പാതയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപം വൻ തണൽ മരം കടപുഴകി വീണു.കാസർകോട് മലയോര ഹൈവേയിൽ നന്ദാരപ്പദവ് ചേവാർ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ