പാഠ്യ പദ്ധതി പരിഷ്കരണം: സർക്കാർ നിലപാട് സ്വാഗതം ചെയ്ത് മുസ്ലിം ജമാ അത്ത്, ഇനിയും തിരുത്തേണ്ടി വരുമെന്ന് ലീഗ്

Published : Aug 24, 2022, 02:31 PM ISTUpdated : Aug 24, 2022, 02:35 PM IST
പാഠ്യ പദ്ധതി പരിഷ്കരണം: സർക്കാർ നിലപാട് സ്വാഗതം ചെയ്ത് മുസ്ലിം ജമാ അത്ത്, ഇനിയും തിരുത്തേണ്ടി വരുമെന്ന് ലീഗ്

Synopsis

ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാടുകൾ കൈകൊള്ളുന്നത് ജനാധിപത്യ സംവിധാനത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുമെന്ന് കാന്തപുരം

കോഴിക്കോട്: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാടുകൾ കൈകൊള്ളുന്നത് ജനാധിപത്യ സംവിധാനത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുമെന്ന് കാന്തപുരം പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതയ്ക്കും യോജിച്ച നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ നിലപാട് കേരളത്തിന്റെ ഭാവിയെ കൂടുതൽ മനോഹരമാക്കുകയും സമൂഹങ്ങൾക്കും ഭരണകൂടങ്ങൾക്കുമിടയിൽ അനൈക്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും  കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പറഞ്ഞു. 

ഒരേ വേഷവും ഒരുമിച്ചിരുത്തലും നടപ്പാക്കുന്നതിന് പകരം  ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്. സ്ത്രീകൾ രണ്ടാംതരം പൗരന്മാർ അല്ല. അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്‍കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ മാനിക്കാൻ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. ക്ലാസ് മുറിയിൽ ഇടകലർത്തിയിരുത്തിക്കൊണ്ട് ഉണ്ടാക്കിയെടുക്കേണ്ട ബോധമല്ല അത്. സ്ത്രീ-പുരുഷന്മാർക്കിടയിലെ പ്രകൃത്യാ ഉള്ള വൈജാത്യങ്ങൾ വേഷം മാറിയത് കൊണ്ട് ഇല്ലാതാക്കാൻ  ആകില്ല. പൊതുവിദ്യാഭ്യാസം കൈവരിച്ച മികവുകളെ ഇല്ലാതാക്കാൻ മാത്രമേ ഇത്തരം നടപടികൾ നിമിത്തമാകൂ എന്നും കാന്തപുരം പറഞ്ഞു.

ജെൻഡർ ന്യൂട്രാലിറ്റി: വിവാദ നിർദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് സമസ്ത

ജെൻഡർ ന്യൂട്രാലിറ്റി സ്കൂൾ യൂണിഫോം വിഷയത്തിലും പാഠ്യപദ്ധതി കരടിലുണ്ടായിരുന്ന പരാമർശങ്ങളിലും സർക്കാർ പുനഃപരിശോധന നടത്തണമെന്ന് ഓഗസ്റ്റ് 11ന് ചേർന്ന സമസ്ത മുശാവറ പ്രമേയം പാസാക്കിയിരുന്നു. നേരത്തെ സമസ്തയും സർക്കാർ നിലപാട് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ചില ഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. സമത്വത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്ക്കരണം സ്ത്രീ സുരക്ഷയ്ക്ക് തടസ്സം ആകരുത്. കൂടുതൽ മാറ്റങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

'ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തമെന്ന നിർദ്ദേശം ഒഴിവാക്കി'; വിവാദത്തിൽ നിന്ന് തലയൂരി സർക്കാർ

'ലിബറലുകളുടെ ചൊൽപ്പടിക്ക് നിന്നാൽ സർക്കാറിന് ഇനിയും തിരുത്തേണ്ടി വരും'

അതേസമയം, സമൂഹത്തിലെ ഏതാനും അരാജകവാദികളുടെ ജൽപ്പനങ്ങൾ കേട്ട് തുള്ളുന്നത് പ്രബുദ്ധ കേരളത്തിൽ നടപ്പുള്ള കാര്യമല്ലെന്ന് സർക്കാറിന് ബോധ്യപ്പെട്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ് പ്രതികരിച്ചു. അതുകൊണ്ടാണ് പാഠ്യ പദ്ധതി രേഖയിലെ പല ഭാഗങ്ങളിലും തിരുത്തലുകൾ വന്നത്. ലിംഗസമത്വമല്ല, ലിംഗനീതിയാണ് വേണ്ടതെന്ന് തുടക്കം മുതലേ മുസ്ലിം ലീഗ് മുന്നോട്ടു വച്ച ആശയമാണ്. ഭൂരിഭാഗം വരുന്ന ജനങ്ങളെയും വിശ്വാസികളെയും കേൾക്കുന്നതിന് പകരം ഏതാനും ലിബറലുകളുടെ ചൊൽപ്പടിക്ക് നിന്നാൽ സർക്കാറിന് ഇനിയും തിരുത്തേണ്ടി വരുമെന്നും കെ.പി.എ.മജീദ് .


 

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും