
കോഴിക്കോട് : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ (KM basheer) മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ (Sriram Venkitaraman) ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ തീരുമാനം കേരളമുസ്‌ലിം ജമാ അത്ത് സ്വാഗതംചെയ്തു. കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻറെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന.
ശ്രീറാമിനെ കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത് സ്വാഗതാര്‍ഹമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച യോഗം വിലയിരുത്തി. യോഗത്തില്‍ സയ്യിദ് ഇബ്രാഹീം ഖലീലുൽബുഖാരി, വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി, എൻ.അലിഅബ്ദുല്ല, സി.പി.സൈതലവി, മജീദ് കക്കാട്, എ.സൈഫുദീൻഹാജി, പ്രൊഫ.യു സി അബ്ദുൽ മജീദ് എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്.
ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിന്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണി നിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവര്‍, കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിന്‍റെ നിയമനത്തിനെതിരെ പരസ്യമായി നിലപാടെടുത്തു. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാമിനെ മാറ്റിയത്.
Read More : ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് പിവി അന്‍വര്‍ എംഎല്‍എ; എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ചു
ശ്രീറാം വെങ്കട്ടറാമിനെ കളക്ടറാക്കിയതിനെതിരെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പുറമെ സെൻട്രൽ വിജിലൻസ് കമ്മീഷന് ശ്രീറാമിനെതിരെ പരാതിയും ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.
പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ.എ.എസ് പദവി ഉപയോഗിച്ച് ഇയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും സലീം മടവൂര്‍ സമര്‍പ്പിച്ച പരാതിയിൽ ആരോപിക്കുന്നു. ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിന്‍റേതടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തയാളാണെന്നും റിട്രോഗ്രേഡ് അംനീഷ്യ (retrograde amnesia)എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.