നിപ ഭീഷണിയുടെ കാരണമെന്ത്? നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകളടക്കം ശേഖരിച്ച് പരിശോധന; പാലക്കാട് ജാഗ്രത തുടരുന്നു

Published : Jul 09, 2025, 01:58 AM IST
malappuram nipah

Synopsis

പാലക്കാട് ജില്ലയിൽ നിപാ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപാ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. പാലക്കാട് തച്ചനാട്ടുകര നിപാ ബാധിത പ്രദേശത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് സാമ്പിളുകൾ ശേഖരിച്ചത്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധന.

അതേസമയം പാലക്കാട് നിപാ ബാധിത പ്രദേശമായ തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ 222 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. 3 പേര്‍ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച ഏഴു പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച നാട്ടുകൽ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിപയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐ സി യു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐ സി യുവില്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ