മാരത്തൺ മറുപടി, നീണ്ടു നീണ്ട ചർച്ച, വിവാദങ്ങൾക്ക് ഉത്തരമുണ്ടായിരുന്നോ മുഖ്യമന്ത്രിക്ക്?

Published : Aug 24, 2020, 11:15 PM ISTUpdated : Aug 24, 2020, 11:47 PM IST
മാരത്തൺ മറുപടി, നീണ്ടു നീണ്ട ചർച്ച, വിവാദങ്ങൾക്ക് ഉത്തരമുണ്ടായിരുന്നോ മുഖ്യമന്ത്രിക്ക്?

Synopsis

ഉമ്മൻചാണ്ടിയുടെ പ്രസംഗത്തിന്‍റെ റെക്കോഡ് പഴങ്കഥയാക്കിയെങ്കിലും മുഖ്യമന്ത്രിക്ക് വിവാദങ്ങൾക്ക് മറുപടിയുണ്ടായിരുന്നോ? ലൈഫ് മിഷനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയതേയില്ല. നേരത്തേ പറഞ്ഞ വിശദീകരണമല്ലാതെ, വി ഡി സതീശനടക്കം ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യം മറുപടിയുണ്ടായില്ല. 

തിരുവനന്തപുരം: ദീർഘപ്രസംഗം നടത്തിയതല്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സ്വർണക്കള്ളക്കടത്തടക്കം ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വ്യക്തമായ മറുപടിയുണ്ടായില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചില്ല. ഭരണനേട്ടങ്ങൾ എണ്ണിപ്പറ‍ഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടതോടെ പ്രതിപക്ഷം അക്ഷമരായി. സീറ്റിൽ നിന്ന് എഴുന്നേറ്റ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ബഹളത്തിനും മുദ്രാവാക്യങ്ങൾക്കുമിടയിലും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. അതായത്, ഒരു ദിവസം നീണ്ട സമ്മേളനത്തിൽ ആരോപണങ്ങളിൽ വ്യക്തമായ മറുപടി പറയാൻ അവസരമുണ്ടായിട്ടുകൂടി, ഭരണനേട്ടങ്ങൾ പറയാൻ മാത്രമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. 

മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയെന്നാണ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സ്പ്രിംക്ളർ, ബെവ്കോ, പമ്പ മണലെടുപ്പ് അടക്കം അഴിമതി ആരോപണങ്ങളിൽ മറുപടി ഉണ്ടായില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബജറ്റ് പ്രസംഗം പോലെയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. നനഞ്ഞ പടക്കം പോലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ദേശീയപാതയോരത്തെ വിശ്രമകേന്ദ്രങ്ങൾക്കായി ഭൂമി കൈമാറിയതിൽ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിപിഇ കിറ്റിൽ ക്രമക്കേട് നടന്നെന്ന് എം കെ മുനീറും ആരോപിച്ചെങ്കിലും പൊതുമരാമത്ത് മന്ത്രിയും ആരോഗ്യമന്ത്രിയും ഇത് നിഷേധിച്ചു. ഇതേക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചെങ്കിലും സ്വർണക്കടത്തും ലൈഫുമടക്കമുള്ള ആരോപണങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എല്ലാവരും കാത്തിരുന്നത്. ഇതിൽ കൃത്യമായ മറുപടി ഉണ്ടായില്ലെന്ന് മാത്രമല്ല, എഴുതിത്തയ്യാറാക്കിയ, മുമ്പ് തന്നെ പറഞ്ഞിരുന്ന അതേ മറുപടി ആവർത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എം ശിവശങ്കറിനെ വിശ്വസിച്ചിരുന്നുവെന്നും, എന്നാൽ അദ്ദേഹം ചതിച്ചുവെന്നും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ പല മന്ത്രിമാരും പറഞ്ഞതാണ്. അതൊന്നും അദ്ദേഹം സഭയിൽ പറഞ്ഞില്ല. സി ആപ്റ്റിന്‍റെ വാഹനത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിൽ ജലീലിനെ പൂർണമായി പിന്തുണയ്ക്കുകയും ചെയ്തു. 

എന്നാൽ ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായോ, എന്താണ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെടേണ്ടതിലെ ചട്ടം, അത് പാലിക്കപ്പെട്ടോ എന്നതൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. സി ആപ്റ്റിലേക്ക് മതഗ്രന്ഥങ്ങൾ എത്തിച്ചതിൽ കൃത്യമായ നിർദേശമുണ്ടായിരുന്നോ, ഇതിന് കൃത്യമായി പാലിച്ച നടപടിക്രമങ്ങളെന്ത്, ആർക്കായിരുന്നു ഇതിന്‍റെ ചുമതല, ആരാണ് ഇത് പരിശോധിച്ചത്, ഇതിന് രേഖയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. 

വി ഡി സതീശൻ ഉന്നയിച്ച, ഇ മൊബിലിറ്റി പദ്ധതിക്ക് സ്വിറ്റ്സർലൻഡിലുള്ള ഹെസ് കമ്പനിയെ എങ്ങനെയാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിനും, കൺസൾട്ടൻസികളിൽ ലിമിറ്റഡ് ടെണ്ടർ നടത്താത്തതെന്ത് എന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. 

കൺസൾട്ടൻസികളെക്കുറിച്ച് പ്രതിപക്ഷം എണ്ണിയെണ്ണി ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതേക്കുറിച്ച് മറുപടിയുണ്ടായില്ല എന്ന് മാത്രമല്ല, പ്രതിപക്ഷത്തിന്‍റെ കാലത്തും കൺസൾട്ടൻസികളെ നിയോഗിച്ചു എന്ന് ഊന്നിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. 

ഒപ്പം ഇത് ജനാധിപത്യത്തെ തകർക്കാനുള്ള ആഗോളശ്രമത്തിന്‍റെ ഭാഗമാണ് എന്നാണ് പിണറായിയുടെ ആരോപണം. ''വ്യാജപ്രചാരണങ്ങൾ സൃഷ്ടിച്ച് വലിയ നുണകളെ സത്യമാക്കാനാണ് ശ്രമിക്കുന്നത്. ചില മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗിച്ച് ഇത്തരം പ്രചാരണം നടത്തുകയാണ്. ഇവരുടെ പണം പറ്റുന്ന ഏജന്‍റുമാരുണ്ടിവിടെ'', എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും