
തിരുവനന്തപുരം: നിയമസഭയിലെ സന്ദർശക തിരക്ക് ഒഴിവാക്കാൻ അടുത്ത സമ്മേളനം മുതൽ പ്രായോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ വലിയ തിരക്ക് കാരണം വോട്ടിങ്ങിന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പരാതിയെത്തുടർന്നാണ് അടിയന്തിര നടപടിക്ക് സ്പീക്കർ നിർദ്ദേശം നൽകിയത്. സഭയുടെ ഇടനാഴികളിൽ ഉണ്ടാകുന്ന അനാവശ്യ തിരക്ക് കാരണം ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഔദ്യോഗിക നിർവ്വഹണത്തിന് തടസ്സം നേരിടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത തവണ മുതൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
നേരത്തെ നിയമസഭയിൽ എം എൽ എമാർക്കടക്കം പല വിധ മുന്നറിയിപ്പുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയതും വാർത്തയായിരുന്നു. ഗൗരവതരമായ ചർച്ചകൾ നടക്കുമ്പോൾ ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടുവിലൂടെ ഓളംവെട്ടി പോകരുതെന്ന് സ്പീക്കർ സാമാജികർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പലപ്രാവശ്യം ഇക്കാര്യം പറഞ്ഞതാണെന്നും ഇനി പറയാൻ ഇട വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോൾ, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുത്' - എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ അന്നത്തെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam