
തിരുവനന്തപുരം: എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയും പൂർത്തിയായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആദ്യഘട്ടത്തില്‍ 4,752സ്‌കൂളുകളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗത്തിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ക്ലാസ്റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഹൈസ്കൂള്‍ തലത്തില്‍ ക്ലാസ്സ്റൂമുകള്‍ ഹൈടെക് ആക്കാനും പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.
കിഫ്ബിയിൽ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്റൂം-ഹൈടെക് ലാബ് പദ്ധതികൾക്ക് ഇതുവരെ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. ഹൈടെക് ക്ലാസ്റൂം പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ്മുറിയിൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം സ്കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് കോടി , മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച് 966 സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam