Bishop franco case : 'നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല'; അതിജീവിത പൊതു സമൂഹത്തിലേക്ക്

By Web TeamFirst Published Jan 14, 2022, 10:11 PM IST
Highlights

ബലാത്സം​ഗക്കേസിലെ അതിജീവിത പൊതുസമൂഹത്തിലിറങ്ങുമെന്ന് ഫാ. അ​ഗസ്റ്റിന്‍ വട്ടോളി ന്യൂസ് അവറില്‍ പറഞ്ഞു. മുഖം മറയ്ക്കാതെ പൊതുസമൂഹത്തിലേക്കിറങ്ങാനാണ് തീരുമാനം.

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ (Franco Mulakkal)  പരാതി നല്‍കിയ കന്യാസ്ത്രീ പൊതുമധ്യത്തിലേക്ക്. ബലാത്സം​ഗക്കേസിലെ അതിജീവിത പൊതുസമൂഹത്തിലിറങ്ങുമെന്ന് ഫാ. അ​ഗസ്റ്റിന്‍ വട്ടോളി ആണ് വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ  ന്യൂസ് അവറില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

മുഖം മറയ്ക്കാതെ പൊതുസമൂഹത്തിലേക്കിറങ്ങാനാണ് ആ സഹോദരിയുടെ തീരുമാനം. അതിജീവിതയെ ഇന്ന് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല. പൊതുസമൂഹത്തോട് എല്ലാം വെളിപ്പെടുത്തുമെന്നും ഫാ. അഗസ്റ്റിന്‍  പ്രതികരിച്ചു.

അഗസ്റ്റിൻ വട്ടോളിയുടെ വാക്കുകൾ - 

ഇന്ന് ഞങ്ങൾ ഈ അതിജീവിതയെ കാണാൻ പോയിരുന്നു. അവർ ആകെ തകർന്നു തരിപ്പണമായ അവസ്ഥയിലാണ്. എന്നാൽ ഞങ്ങൾ തിരിച്ചുപോരുമ്പോൾ അവരൊരു തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു. അക്കാര്യം അവർ പൊതുസമൂഹത്തോട് പറയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതു മറ്റൊന്നുമല്ല അവർ പുറത്തു വരാൻ തീരുമാനിച്ചിരിക്കുന്നു. പൊതുസമൂഹത്തോടും മാധ്യമങ്ങളോടും സംസാരിക്കാൻ അവർ തീരുമാനിച്ചു കഴിഞ്ഞു. മുഖം മറയ്ക്കാതെ അവർ ഈ ലോകത്തോട് സംസാരിക്കും. കണ്ട നാൾ മുതൽ അവരോട് ഞങ്ങൾ പറയുന്നതാണ് നിങ്ങൾ ഇര എന്ന വാക്ക് ഉപയോഗിക്കരുത് എന്ന്. അവർ ഒരു ലീഡറാണ്. അവർ പുറത്തുവരികയും മുഖം മറയ്ക്കാതെ ലോകത്തോട് സംസാരിക്കുകയും ചെയ്യും. ഇരകൾ മറഞ്ഞിരിക്കുകയും ഒളിഞ്ഞിരിക്കുകയും അകത്തിരിക്കുകയും ചെയ്യുന്നതാണ് പീഡകർക്ക് ധൈര്യം നൽകുന്നത്. ഇരകളെന്ന് പറയുന്നവർ ഇരകളല്ല അവർ നേതാക്കളാണെന്നും സമൂഹത്തെ നയിക്കുകയും സംവദിക്കുകയും ചെയ്യേണ്ടവരാണ് എന്നൊരു തിരിച്ചറിവ് അവർക്ക് ഉണ്ടാവേണ്ടതാണ്.
 

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.  വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. 

Read More: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

click me!