പണം തരാതെ എങ്ങനെ പുട്ടടിക്കും? കായിക മന്ത്രിക്ക് വിവരക്കേടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്

Published : Feb 15, 2025, 03:07 PM IST
പണം തരാതെ എങ്ങനെ പുട്ടടിക്കും? കായിക മന്ത്രിക്ക് വിവരക്കേടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്

Synopsis

കായിക മന്ത്രി വി അബ്ദുറഹിമാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാര്‍. കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനിൽ കുമാര്‍ തുറന്നടിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിൽ കായിക മന്ത്രിയും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റും തമ്മിൽ പരസ്യവിഴുപ്പലക്കൽ. കായിക സംഘടനകള്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാര്‍ രംഗത്തെത്തി.

കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനിൽ കുമാര്‍ തുറന്നടിച്ചു. കായിക സംഘടനകള്‍ കള്ളന്മാരാണെന്ന് മന്ത്രി വിളിച്ചത് തെറ്റാണ്. പണം തരാതെ എങ്ങനെ പുട്ടടിക്കുമെന്നും സുനിൽ കുമാര്‍ ചോദിച്ചു. കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്.

കായിക സംഘടനകളെ മന്ത്രി അപമാനിച്ചു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉള്‍പ്പെടുത്താൻ മന്ത്രി എന്താണ് ചെയ്തതെന്നും സുനിൽ കുമാര്‍  ചോദിച്ചു. ഹാന്‍ഡ്ബോളിൽ ഹരിയാനയ്ക്ക് സ്വര്‍ണം കിട്ടാൻ ഗൂഢാലോചന നടത്തിയെന്ന് ഒരു കളിക്കാരനും പറയില്ലെന്നും സുനിൽ കുമാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഒരു കായിക സംഘടനയ്ക്കും ഫണ്ട് നൽകിയിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് മന്ത്രി പ്രതികരിച്ചതെന്നും സുനിൽകുമാര്‍ പറഞ്ഞു.

നേരത്തെ കായിക മന്ത്രി വട്ടപൂജ്യമാണെന്നും കേരളത്തിന്‍റെ കായിക മേഖലയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും സുനിൽ കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സുനിൽ കുമാറിനും കായിക സംഘടനകള്‍ക്കുമെതിരെ തുറന്നടിച്ചത്. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകൾക്കാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിമർശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്‍റാണെന്നും സുനിൽ കുമാറിനെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു.

ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം ജോലി ആത്മാർഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓർക്കണം. കളരിയെ ഇത്തവണ ഒഴിവാക്കിയതിന് പിന്നിൽ ഒളിമ്പിക്സിന്‍റെ കേരളത്തിൽ നിന്നുള്ള ദേശീയ പ്രസിഡന്‍റും സംസ്ഥാന പ്രഡിഡന്‍റും അടങ്ങിയ കറക്കു കമ്പനിയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. മോശം പ്രകടനമായിരിക്കും ഇത്തവണ ഉണ്ടാവുക എന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നും മന്ത്രി തുറന്നടിച്ചു.

ഓരോ വർഷവും 10 ലക്ഷം രൂപ വെച്ച് ഈ അസോസിയേഷനുകൾക്ക് കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ആ പണം ഉപയോഗിച്ച് ചെയ്യുന്നത് മറ്റെന്തോ അല്ലേയെന്നുമായിരുന്നു മന്ത്രി വി അബ്ദുറഹിമാന്‍റെ പ്രതികരണം. ഇതിനുള്ള മറുപടിയായിട്ടാണ് സുനിൽ കുമാര്‍ വീണ്ടും വിമര്‍ശനമായി രംഗത്തെത്തിയത്.

മെസിയെ എത്തിക്കാൻ പല കടമ്പകളുണ്ടെന്ന് യു ഷറഫലി; ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റിന്‍റെ പ്രസ്താവന നിരുത്തരവാദപരം

'പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം, ഹാൻഡ്ബോളിലെ സ്വര്‍ണം ഡീലാക്കി'; രൂക്ഷ മറുപടിയുമായി കായിക മന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു