'മെഡൽ വാങ്ങിയവരല്ലേ അവർ, പാരിതോഷികം നൽകൂ'; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

By Web TeamFirst Published Aug 19, 2022, 11:23 AM IST
Highlights

ഹരിയാനയും പഞ്ചാബും ഉത്തർപ്രദേശും തങ്ങളുടെ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്വ‍ർണം നേടിയവർക്ക് ഹരിയാന സർക്കാർ ഒന്നര കോടി രൂപയാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: കോമൺവെൽത്ത് മെഡൽ ജേതാക്കൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സതീശൻ കത്ത് നൽകി. മറ്റ് സംസ്ഥാനങ്ങൾ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചു കഴിഞ്ഞതായി വി.ഡി.സതീശൻ വ്യക്തമാക്കി. പാരിതോഷികം പ്രഖ്യാപിക്കാതെ കേരള സർക്കാർ മെഡിൽ ജേതാക്കളെ അപമാനിക്കുകയാണെന്നും സതീശൻ കത്തിൽ കുറ്റപ്പെടുത്തി. 

ബർമിങ്ങാം ഗെയിംസിൽ ഒരു സ്വർണമടക്കം 7 മെഡലുകളാണ് മലയാളി താരങ്ങൾ വാരിക്കൂട്ടിയത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തത്തിലെ തന്നെ മികച്ച നേട്ടമാണ് മലയാളികൾ സ്വന്തമാക്കിയത്. ഹരിയാനയും പഞ്ചാബും ഉത്തർപ്രദേശും തങ്ങളുടെ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്വ‍ർണം നേടിയവർക്ക് ഹരിയാന സർക്കാർ ഒന്നര കോടി രൂപയാണ് പ്രഖ്യാപിച്ചത്. പുരുഷ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നേതൃത്വത്തിലാണ് മലയാളി കായിക താരങ്ങൾ ബർമിങ്ങാമിൽ നേട്ടം കൊയ്തത്. ട്രിപ്പിൾ ജംപിൽ വെള്ളി നേടിയ അബ്ദുല്ല അബൂബക്കർ, പുരുഷ ലോംഗ് ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ എന്നിവരാണ് മറ്റ് വ്യക്തിഗത മെഡൽ ജേതാക്കൾ. പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ.ശ്രീജേഷ്, സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെള്ളി നേടിയ ദീപിക പള്ളിക്കൽ, ബാഡ‍്മിന്റൺ ടീം ഇനത്തിൽ വെള്ളി നേടിയ ട്രീസ ജോളി എന്നിവരാണ് കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനം വാനോളമുയർത്തിയ മറ്റ് താരങ്ങൾ. വനിതാ ഡബിൾസിൽ ട്രീസ വെങ്കലവും നേടിയിരുന്നു.

കോമൺവെൽത്ത് ജേതാക്കളുടെ  പാരിതോഷികത്തിൽ തീരുമാനം ഉടനെ ഉണ്ടാകുമെന്നായിരുന്നു കായിക മന്ത്രി വി.അ്ബദുറഹിമാൻ കഴിഞ്ഞ ദിവസം ദില്ലിയിൽ പറഞ്ഞത്. കായികതാരങ്ങൾക്ക് സർക്കാർ എല്ലാ കാലത്തും പാരിതോഷികം നൽകിയിട്ടുണ്ട്. കായിക താരങ്ങളെ സർക്കാർ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസ്: നാലാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് നടത്തിയ ഇന്ത്യൻ താരങ്ങൾക്ക് വിവിധ സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. ഹരിയാന സര്‍ക്കാരാണ് മെഡല്‍ ജേതാക്കള്‍ക്ക് ഏറ്റവുമധികം തുക സമ്മാനം നൽകുന്നത്. 43 താരങ്ങളാണ് ഹരിയാനയില്‍ നിന്ന് കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയത്. സ്വർണം നേടിയവർക്ക് 1.5 കോടിയും വെള്ളി നേടിയ താരങ്ങൾക്ക് 75 ലക്ഷവും വെങ്കലം നേടിയവർക്ക് 50 ലക്ഷവുമാണ് ഹരിയാന സർക്കാർ നൽകുക.

click me!