
തിരുവനന്തപുരം: സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാനൊരുങ്ങി കേരളം. രോഗകാരിയല്ലാത്തതും, കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതും, വിവിധ മേഖലകളില്‍ പ്രയോഗയോഗ്യവും സാമ്പത്തിക മൂല്യമുള്ളതും, GRAS (Generally Recognized As Safe) പദവി ലഭിച്ചതുമായ സൂക്ഷ്മാണുവിനെയാണ് സംസ്ഥാന സൂക്ഷ്മാണുവായി തെരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളിലെല്ലാം ഗുണകരമാകുന്ന ബാക്ടീരിയാണ് ഇത്. ജനുവരി 23ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രിയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കും.
ഇതോടെ മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തില്‍ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് സംസ്ഥാനതല അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സൂക്ഷമാണുക്കള്‍ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തുക, സൂക്ഷ്മാണുക്കളെ സംബന്ധിച്ച ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും പ്രകൃതി അധിഷ്ഠിതവുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മജീവി വൈവിധ്യം സംരക്ഷിക്കുക, ലൈഫ് സയന്‍സ് രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കാന്‍ കേരളം തയ്യാറെടുക്കുന്നത്.
സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷമാണു എന്ന ആശയം മുന്നോട്ടുവച്ചത്. ആരോഗ്യ - പരിസ്ഥിതി മേഖലകളില്‍ സൂക്ഷ്മാണുക്കളുടെ പ്രാധാന്യം അംഗീകരിക്കുകയും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ നീക്കം സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
നിര്‍ദ്ദേശം അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായ വിദഗ്ധ സമിതി രൂപീകരിച്ചു. ക്ലിനീഷ്യന്മാര്‍, ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഈ സമിതിയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ തെരഞ്ഞെടുത്തത്. ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ള സംസ്ഥാന സൂക്ഷ്മജീവിക്ക് പ്രാദേശിക പ്രാധാന്യമുണ്ടാകുമെങ്കിലും, സൂക്ഷ്മജീവികള്‍ അതിര്‍ത്തികളെ അതിജീവിക്കുന്നതിനാല്‍ ഈ സംരംഭം മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പ്രസക്തമാണ്.
കേരളത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മജീവികളുടെ അനുകൂല സ്വാധീനവും മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യത്തില്‍ അവ വഹിക്കുന്ന നിര്‍ണായക പങ്കും അംഗീകരിക്കുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകകൂടിയാണ് ചെയ്യുന്നത്. 2013ല്‍ ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കീ സബ്‌സ്പ്. ബള്‍ഗാരിക്കസ് (Lactobacillus delbrueckii subsp. bulgaricsu) എന്ന ബാക്ടീരിയയെ ഇന്ത്യയുടെ ദേശീയ സൂക്ഷമാണുവായി പ്രഖ്യാപിച്ചിരുന്നു. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വര്‍ധനയും നല്‍കുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്.
കേരളത്തിന്റെ തനതായ പുളിപ്പിച്ച ഭക്ഷണങ്ങളും ആധുനിക പ്രോബയോട്ടിക്കുകളും ഗുണകരമായ സൂക്ഷ്മജീവികളുടെ സമൃദ്ധമായ ഉറവിടങ്ങളാണ്. സ്വദേശീയ സൂക്ഷ്മജീവി സമൂഹങ്ങളെ സംരക്ഷിക്കുന്നതിലൂടെ കൃഷി - ആരോഗ്യസംരക്ഷണം - പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, ഈ മേഖലകളിലെല്ലാം രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന പ്രവണത ഇല്ലാതാക്കാനും സാധിക്കും. വണ്‍ ഹെല്‍ത്ത് കാഴ്ചപ്പാടിലൂന്നി മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളുടെയാകെ സംരക്ഷണത്തിനായുള്ള പഠനങ്ങളും നൂതനാശയങ്ങളും ശാസ്ത്രവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam