വെടിയുണ്ട വിവാദം: സിഎജിയുടെ കണക്ക് തെറ്റെന്ന് ക്രൈംബ്രാഞ്ച്, സിബിഐ വേണ്ടെന്ന് സർക്കാർ

By Web TeamFirst Published Mar 2, 2020, 1:20 PM IST
Highlights

സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം ശരിയായ  രീതിയിലാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.  

തിരുവനന്തപുരം: സായുധ സേന ആസ്ഥാനത്തു നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. പിന്നാലെ സി എ ജി റിപ്പോർട്ടിലെ കണക്കുകൾ തള്ളി ക്രൈം ബ്രാഞ്ച് രംഗത്തെത്തി. 12,061 വെടിയുണ്ടകൾ കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. എന്നാൽ 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളൂവെന്ന് ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു. 

എസ്എ  ക്യാമ്പിൽ നടത്തിയ പരിശോധനക്കു ശേഷമാണ് സിഎജി കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തളളിയത്. ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. മറ്റ് ബാറ്റാലിയനുകളിലേക്ക് വെടിയുണ്ടകൾ നൽകിയതായി രേഖകളുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത സർക്കാർ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അന്വേഷണം ശരിയായ  രീതിയിലാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.  സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

സിഎജി റിപ്പോർട്ട്‌ നിയമസഭയുടെ പരിഗണനയിൽ ആണ്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആണ് ഇത് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. ഈ സാഹചര്യത്തിൽ അന്വേഷണം എന്ന ആവശ്യത്തിന് നിയമസാധുത ഇല്ലെന്നും ഹർജി തള്ളണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിൽ നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

click me!