കേരളാ പൊലീസിൽ തൊപ്പിത്തർക്കം; ബരേ തൊപ്പിവേണമെന്ന് പൊലീസുകാർ, തങ്ങളുടെതെന്ന് ഉന്നത ഉദ്യോഗസ്ഥർ

By Web TeamFirst Published Dec 15, 2019, 10:29 AM IST
Highlights

പി ക്യാപിന് പകരം ബരേ തൊപ്പിവേണമെന്നാണ് പൊലീസ് സംഘടനകളുടെ ആവശ്യം. ലാത്തിചാർജിലും മറ്റും തൊപ്പി സംരക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി.

തിരുവനന്തപുരം: കേരളാ പൊലീസിൽ തൊപ്പിത്തർക്കം. ഉന്നത ഉദ്യോഗസ്ഥർ വയ്ക്കുന്ന തരം തൊപ്പി സിവിൽ പൊലീസുകാർ മുതൽ സിഐമാർ വരെയുള്ളവർക്കും നൽകണമെന്ന ഡിജിപിയുടെ ശുപാർശയിലാണ് തർക്കം.

ഡിവൈഎസ്പി മുതലുള്ള ഉദ്യോഗസ്ഥരാണ് നീലനിറത്തിലുള്ള ചരിഞ്ഞ രീതിയിലുള്ള ബെരേ തൊപ്പി ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ പെട്ടെന്ന് കണ്ടാൽ തിരിച്ചറിയുന്നതിനാണ് ഈ തൊപ്പി. സിവിൽ പൊലീസുകാർ മുതൽ സിഐമാര്‍വരെ പി ക്യാപ്പാണ് നിലവിൽ ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അടുത്തിടെ രൂപീകരിച്ച വനിതാ ബറ്റാലിയനും, കമാണ്ടോകള്‍ക്കും, ഡ്രൈവർമാർക്കും കറുത്ത ബരേ തൊപ്പി വയ്ക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. 

എന്നാൽ, പി. ക്യാപ് ഉപയോഗിക്കുന്നത് ജോലിക്ക് തടസ്സമാണെന്നും ഇടക്ക് ഇടക്ക് താഴേക്ക് വീഴുന്നുണ്ടെന്നും ഡിജിപി വിളിച്ച യോഗത്തിൽ പൊലീസ് അസോസിയേഷനും, ഓഫീസേഴ്സ് അസോസിയേഷനും പരാതിപ്പെട്ടു. ലാത്തിചാർജും, മൽപിടുത്തവുമൊക്കയുണ്ടാമ്പോള്‍ തൊപ്പി സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും, ഉപയോഗിക്കാൻ കൂടുതൽ സൗകര്യം ബരേ ക്യാപാണെന്നുമായിരുന്നു പൊലീസ് സംഘടനകളുടെ ആവശ്യം. 

പ്രത്യേക ചടങ്ങുകൾക്കും വിഐപി സന്ദർശവേളയിലുമൊഴികെ പി. ക്യാപ്പിന് പകരം ബരേ ക്യാപ്പ് ഉപയോഗിക്കാൻ സിവിൽ പൊലീസുകാർ മുതൽ സിഐവരെയുള്ള ഉദ്യോഗസ്ഥർക്ക് അനുമതി ആവശ്യപ്പെട്ടാണ് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത്. ഐപിഎസ് ഉദ്യോഗസ്ഥരും സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഇതിനെ എതിർത്തു. 

ഉന്നത ഉദ്യോഗസ്ഥർക്ക് നീല ബരേ തൊപ്പിയും മറ്റുള്ളവർക്ക് കറുത്ത നിറത്തിലുള്ള ബരേ തൊപ്പിയും നൽകി പ്രശ്നം പരിഹരിക്കാൻ ഡിജിപി ശ്രമിച്ചുവെങ്കിലും ഉന്നത ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഉന്നത ഉദ്യോഗസ്ഥരുട എതിർപ്പ് ശക്തമായതോടെ ഡിജിപിയുടെ ശുപാർശയിൽ തീരുമാനമെടുക്കാതെ ആഭ്യന്തര സെക്രട്ടറി ഫയൽ മാറ്റിവച്ചു.

click me!