സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തിര നടപടി വേണം: ഡിജിപി അനിൽകാന്ത്

By Web TeamFirst Published Jul 12, 2021, 6:42 PM IST
Highlights

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ നിർദ്ദേശം

തിരുവനന്തപുരം: സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്ത്. സ്ത്രീകള്‍ക്കെതിരായ പരാതികള്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ‍മാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ പൊലീസുകാർ രാഷ്ട്രീയം പറയരുതെന്നും സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ നിർദ്ദേശം. സ്ത്രീകളുടെ പരാതികള്‍ എസ്എച്ച്ഒ നേരിട്ട് കേള്‍ക്കണം. ഗൗരവമുള്ള പരാതിയിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണം സമയബന്ധതിമായി പൂർത്തിയാക്കണം. അതിക്രമത്തിന് ഇരയായവരുടെ സംരക്ഷണം പൊലീസ് ഉറപ്പുവരുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

പരാതി നൽകുന്നവർക്കെല്ലാം രശീതി നൽകണം. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണം. രാഷ്ട്രീയം പറയേണ്ട, സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാൻ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുത്. പൊലീസ് ഷാഡോ സംഘങ്ങള്‍ പിടികൂടുന്നവരെ ചോദ്യം ചെയ്യുമ്പോള്‍ സ്റ്റേഷൻ ഹൗസ് ഓഫീസറോ, അന്വേഷണ ഉദ്യോഗസ്ഥന്റെയോ സാന്നിധ്യമുണ്ടാകണം. 

പൊലീസുകാർ മനുഷ്യാവകാശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. കസ്റ്റഡിയിലെടുക്കുന്നവർ മദ്യമോ ലഹരിവസ്തുക്കളോ ഉയോഗിച്ചിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യപരിശോധന നടത്തണം. നാട്ടുകാർ പിടികൂടി കൈമാറുന്നവരുടെ ശരീര പരിശോധന നടത്തി പരിക്കുകളുണ്ടെങ്കിൽ രജിസ്റ്ററിൽ  രേഖപ്പെടുത്തണം. ഓരോ സ്റ്റേഷനുകളിലും എത്ര പേർ കസ്റ്റഡയിലുണ്ടെന്ന് ഡിവൈഎസ്‌പിമാർ അറിഞ്ഞിരിക്കണം. അന്യായ കസ്റ്റഡി പാടില്ലെന്നും ഡിജിപി കർശന നിർദ്ദേശം നൽകി. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെത്തുന്ന പരാതികള്‍ 15 ദിവസത്തിനകം തീർപ്പാക്കണമെന്നാണ് നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രത്യേക കാരണമില്ലാതെ ചില ഉദ്യോഗസ്ഥർ  പരാതികള്‍ തീർപ്പാക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനാൽ, ഇത്തരം പരാതികൾ അടുത്ത ഏഴ് ദിവസത്തിനകം തീർപ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

click me!