സ്വര്‍ണ്ണക്കടത്ത് കണ്ണികളുടെ പട്ടിക കേരളാ പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി; സമഗ്ര അന്വേഷണത്തിന് എന്‍ഐഎ

By Web TeamFirst Published Jul 13, 2020, 7:49 AM IST
Highlights

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതരുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റംസിന്‍റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. 

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കണ്ണികകളുടെ പട്ടിക സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്‍കി. സംസ്ഥാന ഇന്‍റലിജന്‍സ്  വിഭാഗം ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്. മുന്നൂറിലധികം പേരാണ് പട്ടികയിലുള്ളത്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സമഗ്രമായ അന്വേഷണത്തിനാണ് എന്‍ഐഎ ഒരുങ്ങുന്നത്. 

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതരുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റംസിന്‍റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. സ്വര്‍ണ്ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ജൂണിൽ രണ്ട് തവണ സ്വർണ്ണം കൊണ്ടുവന്നെങ്കിലും മൂന്നാമത്തെ തവണയാണ് പിടിയിലായത്.

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.  പ്രതികളെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ ജനറൽ ആശുപത്രിയിലെ പരിശോധനയിൽ ഇരുവർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം കള്ളക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. റമീസ് സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തുന്ന ഇടനിലക്കാരനാണ്. സരിത്തിന്‍റെ മൊഴിയനുസരിച്ചാണ് വീട്ടിൽ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്. 
 

click me!