
ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്. അബിൻ സി രാജാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കാൻ സഹായിച്ചതെന്നാണ് നിഖിൽ തോമസിന്റെ മൊഴി.
പൊലീസ് കസ്റ്റഡിയിലുള്ള നിഖിൽ തന്റെ ഒളിത്താവളങ്ങൾ വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന നിഖിലിന്റെ വാദം പൊലീസ് വിശ്വസിക്കുന്നുമില്ല. നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴിയും വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു.
Read More: നിഖിലിന്റെ വ്യാജ ബിരുദം: എംകോം ക്ലാസിൽ തുടക്കത്തിലേ പിടിച്ച് അധ്യാപിക, കള്ളം പറഞ്ഞ് പ്രതി തടിയൂരി
നിഖിൽ തോമസിനെ ഇന്നലെ പുലർച്ചെ കോട്ടയം സ്റ്റാൻഡിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അബിൻ സി രാജ് കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.
കായംകുളം എംഎസ്എം കോളേജിൽ വ്യാജ ഡിഗ്രിയുമായി എംകോമിന് ചേർന്ന നിഖിൽ തോമസിന്റെ തട്ടിപ്പിൽ, ആദ്യ ക്ലാസിൽ തന്നെ ഒരു അധ്യാപികയ്ക്ക് സംശയം തോന്നിയിരുന്നു എന്ന വിവരവും പുറത്തുവന്നു. ബികോം തോറ്റ നിഖിലിനെ ഒരു വർഷത്തിന് ശേഷം ക്ലാസിൽ കണ്ട അധ്യാപികയ്ക്കാണ് സംശയം തോന്നിയത്. എങ്ങനെ പ്രവേശനം നേടിയെന്ന് നിഖിലിനോട് അധ്യാപിക ചോദിച്ചപ്പോൾ തോറ്റ വിഷയങ്ങൾ സപ്ലിമെന്ററി പരീക്ഷയിൽ എഴുതിയെടുത്തു എന്നായിരുന്നു മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam