
തിരുവനന്തപുരം: വ്യാജ കോൾ ഉപയോഗിച്ചുളള ബാങ്കിംഗ് തട്ടിപ്പ് തടയാൻ ബിസെയ്ഫ് ആപ്പുമായി കേരള പൊലീസ്. കേരള പൊലീസിന്‍റെ സൈബർ ഡോമിന്‍റെ നേതൃത്വത്തിലുളള ആപ്പ് ഡി ജി പി ലോക്നാഥ് ബെഹ്റ പുറത്തിറക്കി. ഇന്‍റർനെറ്റ് വഴിയും ഫോണ്‍ വഴിയുമുളള വ്യാജ കോളുകൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന 100 ഓളം കേസുകളാണ് ദിവസവും കേരള പൊലീസിൻ മുന്നിലെത്തുന്നത്.
ഇത്തരം കേസുകൾ ഇല്ലാതാക്കാനാണ് ബിസെയ്ഫ് അപ്പ് പുറത്തിറക്കിയത്. ആർബിഐ യിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും ബാങ്ക് തട്ടിപ്പ് നടത്തുന്ന നമ്പറുകൾ ശേഖരിച്ചാണ് ആപ്പ് നിർമ്മിച്ചത്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഇത്തരം നമ്പറുകളിൽ നിന്നുളള ഫോണ്‍ വരില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.
പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ആർക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ ഫോണ്‍ നമ്പറുകൾ ബാങ്ക് തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതാണോയെന്ന് ഉപഭോക്താവിന് ആപ്പിൽ സെർച്ച് ചെയ്യാനും പറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകൾ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്.
ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍, ഇൻസ്റ്റന്റ് മെസ്സഞ്ചർ, സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന് സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ് വേർഷനു പുറമെ സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷൻ bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ലഭ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam