
തിരുവനന്തപുരം: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'കാലത്തിനൊപ്പം കരുതലോടെ...' എന്ന പുസ്തകം ശ്രദ്ധനേടുന്നു. പുതിയ കാലത്തെ പോലീസിംഗിനെ കുറിച്ചും പോലീസിന് സഹായകരമാകുന്ന മറ്റ് വിഭാഗങ്ങളെ കുറിച്ചും കേരളാ പോലീസിന്‍റെ കുറ്റാന്വേഷണത്തെ കുറിച്ചും കേരളാ പോലീസിന്‍റെ ചരിത്രത്തെ കുറിച്ചും സമഗ്രമായി തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നു. പോലീസിലെയും പൊതുരംഗത്തെയും പ്രമുഖരാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. തിരുവിതാംകൂറിലെ നീതിന്യായ വ്യവസ്ഥ മുതല്‍ സൈബര്‍ ഇടത്തില്‍ പലുര്‍ത്തേണ്ട ജാഗ്രതയെ കുറിച്ച് വരെയുള്ള ലേഖനങ്ങളാല്‍ സംമ്പുഷ്ടമാണ് ഈ പുസ്തകം.
പൊതുസമൂഹത്തില്‍ പോലീസിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കുറിച്ചും കാലത്തിനൊപ്പം പോലീസ് നവീകരിക്കപ്പെടേണ്ടതിലെ ആവശ്യകതയെ കുറിച്ചും പുസ്തകം ചര്‍ച്ച ചെയ്യുന്നു. പ്രളയ കാലവും കൊവിഡ് കാലവും അതിജീവിക്കുന്നതില്‍ കേരളാ പോലീസ് നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങളെ കുറിച്ചും പുസ്തകത്തില്‍ വിശദമായി തന്നെ പ്രതിപാദിക്കുന്നു. അതേ സമയം കേരളാ പോലീസില്‍ നാളിതുവരെയുണ്ടായിട്ടുള്ള പരിഷ്കാരണങ്ങളെ കുറിച്ചും പുസ്തകത്തില്‍ വിശദമായ ലേഖനമുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും സാമൂഹിക രംഗത്തും കായിക രംഗത്തുമുള്ള പോലീസ് ഇടപെടലിനെ കുറിച്ചും പുസ്തകത്തില്‍ ലേഖനങ്ങളുണ്ട്. കേരളാ പോലീസിന്‍റെ ഇതുവരെയുള്ള ചരിത്രവും വര്‍ത്തമാനവും വ്യക്തമായി തന്നെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ആദ്യമായിട്ടാണ് പോലീസ് സമ്മേളനത്തോട് അനുബന്ധിച്ച് ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നതെന്ന് കേരളാ പോലീസ് അസോസിയേഷന്‍ പ്രസിഡന്‍റായ ആര്‍ പ്രശാന്ത് സി ഐ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇത്തരമൊരു പുസ്തകത്തെ കുറിച്ച് ചര്‍ച്ചയുയര്‍ന്നപ്പോള്‍ ഇനി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതു ജനങ്ങള്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പുസ്തകമായിരിക്കണമെന്ന ചിന്ത ഉയര്‍ന്നു. പ്രളയ, കൊവിഡ് കാലത്ത് പോലീസിന്‍റെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒരു അടയാളപ്പെടുത്തല്‍ ആവശ്യമാണെന്നും അത് രേഖപ്പെടുത്തുക എന്ന ലക്ഷ്യവും ഈ പുസ്തകത്തിന് പുറകിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മന്ത്രി ബി രാജീവ്, പോലീസിന്‍റെ പത്ത് മികവാര്‍ന്ന കുറ്റാന്വേഷണങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് കാലത്തെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷൈലജ ടീച്ചറും പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലായിരുന്ന ബി സന്ധ്യ തുടങ്ങി അതാത് മേഖലകളിലുള്ളവര്‍ ഇക്കാര്യങ്ങളെ കുറിച്ച് എഴുതുമ്പോള്‍ അതിന് ഒരു ആധികാരികത കൈവരുമെന്നും ഇത് നാളത്തെ തലമുറ വായ്ക്കുമ്പോള്‍ ഇന്നത്തെ പോലീസ് എന്ത് ചെയ്തെന്ന് ഒരു രേഖപ്പെടുത്തലായി തീരുമെന്നും അത് പൊതുസമൂഹത്തിന് കൂടി ഉപകാരപ്പെടുമെന്നും സിഐ ആര്‍ പ്രശാന്ത് ചൂണ്ടിക്കാട്ടി. ഇങ്ങനെ ഓരോ മേഖലയിലും സാഹിത്യം, പോലീസ് ചരിത്രം, ഫോറന്‍സിക് തുടങ്ങി സൈബര്‍ സുരക്ഷവരെയുള്ള കാര്യങ്ങളെ കുറിച്ച് ആധികാരികമായ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കേരളത്തില്‍ അടുത്തകാലത്ത് നടത്തിയ പ്രമാദമായ കുറ്റാന്വേഷണങ്ങളെ കുറിച്ചും ഈ കേസുകളിലെല്ലാം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്ന തരത്തില്‍ ഏങ്ങനെയാണ് പഴുതുകളടച്ചുള്ള അന്വേഷണം കേരളാ പോലീസ് സാധ്യമാക്കിയതെങ്ങനെയെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഈ കേസുകളുടെയെല്ലാം അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അതിന് പിന്നില്‍ പോലീസ് പുലര്‍ത്തിയ ജാഗ്രതയെ കുറിച്ചും അന്വേഷണ വഴികളെ കുറിച്ചും വ്യക്തമാക്കുന്നതെന്ന പ്രത്യേക ഏടുത്ത് പറയേണ്ടതാണ്. ഉത്തര കേസില്‍. ലോകത്ത് ആദ്യമായി ഒരു മൃഗത്തെ ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്തിയതെങ്ങനെയെന്നും അത് കണ്ടെത്താന്‍ നടത്തിയ ശ്രമകരമായ കാര്യങ്ങളെ കുറിച്ചും ഹരിശങ്കര്‍ ഐപിഎസ് വിശദീകരിക്കുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെല്‍വിന്‍ വധം, സാക്ഷികളില്ലാതിരുന്നിട്ടും തെളിവുകള്‍ നഷ്ടപ്പെടാതെ തെളിയിച്ചതെങ്ങനെയെന്ന് ഗിരീഷ് പി സാരഥി വിശദീകരിക്കുന്നു. അതോടൊപ്പം ആത്മഹത്യയ്ക്ക് ശക്തമായ പ്രേരണ നല്‍കിയ കേസായ വിസ്മയ കേസ് (പി. രാജ്‍ കുമാര്‍), ഇലന്തൂരിലെ നരബലി (കെ സേതുരാമന്‍ ഐപിഎസ്), എടിഎം തട്ടിപ്പ് നടത്തിയ റോമാനിയന്‍ പൗരന്മാരെ നിഗ്വരാഗയില്‍ നിന്നും അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ച സാഹസീകതയും ( കെ ഇ ബൈജു ഐപിഎസ്), 2002 മുതല്‍ ഭര്‍ത്താവടക്കം ആറ് കൊലപാതകങ്ങള്‍ നടത്തി, എന്നാല്‍ ഒന്നില്‍ പോലും തനിക്ക് നേരെ സംശയത്തിന്‍റെ ഒരു സാധ്യത പോലും ഇല്ലാതാക്കിയ കൂടത്തായി ജോളിയെന്ന കൊലയാളിയെ തന്ത്രപരമായി അറസ്റ്റ് ചെയ്തതും (കെ ജി സൈമണ്‍ ഐപിഎസ്), രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായ ചേലമ്പ്ര ബാങ്ക് കൊള്ള തെളിയിച്ചതും (പി വിക്രമന്‍), തെളിവുകളുടെ അഭാവത്തില്‍ സംശയമുനയിലായിരുന്ന രണ്ട് യുവാക്കളുടെ ഭാവിയെ തന്നെ സ്വാധീനിച്ച കരീലക്കുളങ്ങര ജലജ വധത്തിലെ യഥാര്‍ത്ഥ പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷം പിടികൂടിയതും (കെ എസ് സുദര്‍ശന്‍ ഐപിഎസ്), കേരളത്തിലെ ആദ്യത്തെ ആള്‍ക്കൂട്ട കൊലയായ മധു വധക്കേസില്‍ സാക്ഷികളില്‍ ഭൂരിഭാഗം പേരും കൂറുമാറിയിട്ടും കേസ് തെളിയിച്ചതും (റ്റി കെ സുബ്രഹ്മണ്യന്‍) പുസ്തകത്തില്‍ വിശദമായി തന്നെ പ്രതിപാദിക്കുന്നു. ചില കേസുകള്‍ ഇപ്പോള്‍ കോടതിയിലായതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെങ്കില്‍ പോലും കേസ് തെളിയിക്കുന്നതില്‍ കേരളാ പോലീസ് നടത്തിയ ജാഗ്രതയെ കുറിച്ച് വിശദമായി തന്നെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.